സ്‌കൂള്‍ ബസ് തട്ടിയെടുത്ത് വിദ്യാര്‍ഥികളെയും ഡ്രൈവറെയും ജീവനോടെ കുഴിച്ച് മൂടിയ കേസില്‍ പ്രതിക്ക് 40 വര്‍ഷത്തിന് ശേഷം പരോള്‍. കാലിഫോര്‍ണിയന്‍ സ്വദേശിയായ ഫ്രെഡറിക് വുഡ്‌സിനാണ് പരോള്‍.
1976ലായിരുന്നു ലോകത്തെയാകെ നടുക്കിയ സംഭവം. കാലിഫോര്‍ണിയയിലെ ചൗചില്ലയില്‍ വെച്ച് പിക്‌നിക് കഴിഞ്ഞ് വാനില്‍ മടങ്ങുകയായിരുന്ന 26 കുട്ടികളെയും ഡ്രൈവറെയും വുഡ്‌സും സഹോദരന്മാരും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു. 5നും 14നും വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു വാനിലുണ്ടായിരുന്നത്.
ഇവരെ തട്ടിയെടുത്ത ശേഷം ഒരു പഴയ ബസിലേക്ക് മാറ്റി കിഴക്കന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു ക്വാറിയില്‍ പ്രതികള്‍ ജീവനോടെ കുഴിച്ച് മൂടി. ഏകദേശം പതിനാറ് മണിക്കൂറുകള്‍ക്ക് ശേഷം വിദ്യാര്‍ഥികളും ഡ്രൈവറും സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു. പ്രതികള്‍ ഉറങ്ങിയ തക്കത്തിന് ഇവര്‍ മണ്ണ് മാറ്റി പുറത്തെത്തുകയായിരുന്നു.
ഇവര്‍ അറിയിച്ച പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് വുഡ്‌സിനെയും സഹോദരന്മാരായ റിച്ചാര്‍ഡിനെയും ജെയിംസിനെയും പിടികൂടിയത്. പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും 27 ജീവപര്യന്തം വീതം ശിക്ഷയായിരുന്നു അന്ന് കോടതി വിധിച്ചത്. പരോളിനുള്ള സാധ്യത തള്ളിക്കളയാനായിരുന്നു ഈ വിധി. സംഭവം നടക്കുമ്പോള്‍ 24 വയസ്സായിരുന്നു വുഡ്‌സിന്റെ പ്രായം.
കുട്ടികള്‍ക്കുണ്ടായ ട്രോമയും മറ്റ് ബുദ്ധിമുട്ടുകളും ഇന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ചെയ്ത തെറ്റില്‍ അതിയായ കുറ്റബോധമുണ്ടെന്നും പരോള്‍ വിധി കേട്ട ശേഷം വുഡ്‌സ് പ്രതികരിച്ചു. വുഡ്‌സിനൊപ്പം ശിക്ഷ ലഭിച്ച ജെയിംസിനും റിച്ചാര്‍ഡിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ജാമ്യം ലഭിച്ചിരുന്നു.
1971ലിറങ്ങിയ ഡെര്‍ട്ടി ഹാരി എന്ന സിനിമ അനുകരിച്ചായിരുന്നു പ്രതികള്‍ കുട്ടികളെ തട്ടിയെടുത്തത്. 50 ലക്ഷം യുഎസ് ഡോളര്‍ ആവശ്യപ്പെട്ടായിരുന്നു ക്രൂരത. മൂന്ന് പേരും ധനിക കുടുംബത്തില്‍ ജനിച്ചവരായിരുന്നിട്ടും പണത്തോടുള്ള ആര്‍ത്തി അന്നേ ആളുകളെ ആശ്ചര്യപ്പെടുത്തിയിരുന്നു.
കനത്ത മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് യുഎസില്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് വ്യക്തമായി റോഡ് കാണാന്‍ കഴിയാതെ വന്നതോടെയാണ് കൂട്ടിയിടി ഉണ്ടായത്.
പെന്‍സില്‍വാനിയയിലെ ദേശീയ പാതയിലായിരുന്നു അപകടം. ട്രക്കുകളും ട്രാക്ടറുകളുമുള്‍പ്പടെ അറുപതോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മഞ്ഞ് വീണ് കിടക്കുന്ന വഴിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങള്‍ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
കാറുകള്‍ റോഡില്‍ നിന്ന് തെന്നിമാറുന്നതും ട്രക്കുകള്‍ മറ്റ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമായി കാണാം. കൂട്ടിയിടില്‍ ചില വണ്ടികള്‍ക്ക് തീ പിടിക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ഹൈവേയിലേക്കുള്ള എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുടങ്ങിയവർക്ക് ഉപരോധം ഏർപ്പെടുത്തി റഷ്യ. രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയുന്ന സ്റ്റോപ്പ് ലിസ്റ്റിൽ ഇവരെ ഉൾപ്പെടുത്തിയതായി റഷ്യ അറിയിച്ചു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, സിഐഎ മേധാവി വില്യം ബേൺസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ ഉൾപ്പടെ 13 പേർക്കാണ് വിലക്ക്.
എന്നാൽ വാഷിംഗ്ടണുമായി ഔദ്യോഗിക ബന്ധം നിലനിർത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ പട്ടികയിലുള്ളവരുമായി ഉന്നതതല സമ്പർക്കം നടത്താൻ കഴിയുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെയെ യു.എസിലേക്ക് കൈമാറാനുള്ള ബ്രിട്ടീഷ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതിയില്ല. ചാരവൃത്തിക്കേസിലെ വിചാരണയ്ക്ക് വേണ്ടിയാണ് അസാഞ്‌ജെയെ അമേരിക്കയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി അനുവദിച്ചത്.അദ്ദേഹത്തെ വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാകുമെന്നാണ് സൂചന.
യു.എസിന് കൈമാറുന്നതിനെതിരെ ബ്രിട്ടീഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനുള്ള അസാഞ്‌ജെയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു.
കൈമാറ്റം ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമായി ഈ തീരുമാനം. യു.എസിന്റെ കൈമാറല്‍ അഭ്യര്‍ത്ഥന വിലയിരുത്തിയ ജില്ലാ ജഡ്ജി വനേസ ബറൈറ്റ്സര്‍ ആയിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.അസാഞ്‌ജെയെ ബ്രിട്ടനില്‍ നിന്നു വിട്ടു കിട്ടാന്‍ അമേരിക്ക നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാകാനുള്ള എല്ലാ തന്ത്രങ്ങളും തുടര്‍ന്നുപോന്നു അസാഞ്‌ജെ.
യു.എസിന്റെ മിലിറ്ററി ഡാറ്റാബേസുകള്‍ ഹാക്ക് ചെയ്ത് സെന്‍സിറ്റീവായ വിവരങ്ങള്‍ കൈക്കലാക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് അസാഞ്‌ജെക്കെതിരെ യു.എസില്‍ നിലവിലുള്ള കേസ്. 2010 ലും 2011 ലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുഎസ് നടത്തിയ വിവിധ സൈനിക നീക്കങ്ങളുടെ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത യുഎസ് സൈനിക നടപടികളില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങളായിരുന്നു വിക്കിലീക്സ് പുറത്തുവിട്ടത്.
അഞ്ചു വയസുകാരിയെ ബെൽറ്റു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന് 40 വർഷം തടവു ശിക്ഷ വിധിച്ചു. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കിം ഓഗ് ഫെബ്രുവരി 17 വ്യാഴാഴ്ചയാണു ശിക്ഷാ വിധിച്ചത്. 2019 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ആൻഡ്രിയ വെബ് (40) പൊലിസിനെ വിളിച്ചു തന്റെ മകൾ (സമാന്ത ബെൽ) അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ നിന്നു താഴെ വീണു മരിച്ചുവെന്നാണ് അറിയിച്ചത്.
എന്നാൽ പോലീസ് എത്തി കുട്ടിയുടെ ശരീരം പരിശോധിച്ചപ്പോൾ ശരീരം മുഴുവൻ അടികൊണ്ടിട്ടുള്ള ആഴത്തിലുള്ള പാടുകൾ കണ്ടെത്തി. സംശയം തോന്നി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൻഡ്രിയ തന്റെ ക്രൂരത വെളിപ്പെടുത്തിയത്. പൊലിസിന്റെ ചോദ്യം ചെയ്യലിൽ ആൻഡ്രിയ സംഭവിച്ചതെല്ലാം വിവരിച്ചു. കുട്ടിയെ തുടർച്ചയായി ബെൽറ്റ് ഉപയോഗിച്ചു അടിച്ച് ചുമരിനോടു ചേർത്തു മണിക്കൂറുകളോളം ഇരുത്തുകയും അവിടെ നിന്ന് അനങ്ങിയാൽ വീണ്ടും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്ന് ഇവർ മൊഴി നൽകി.
കുട്ടി മരിച്ചതിനാൽ അറസ്റ്റ് ചെയ്യുമെന്നു പേടിച്ചാണു സത്യം മൂടിവെച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു. കേസിൽ ആൻഡ്രിയായുടെ ആൺസുഹൃത്തും ഇതിൽ പ്രതിയായി ചേർക്കപ്പെട്ടിരുന്നു. ഇത് ഒരു ദിവസം കൊണ്ടല്ല ദീർഘനാൾ ഇങ്ങനെ പീഡിപ്പിച്ചതായി ഇരുവരും സമ്മതിച്ചു. ചെറിയ കുട്ടികൾ ഏറ്റവും കൂടുതൽ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും കുട്ടികളോട് ഇത്രയും ക്രൂരമായി പെരുമാറാൻ മാതാപിതാക്കൾക്ക് എങ്ങനെ കഴിയുമെന്നും വിധി പ്രഖ്യാപിച്ച ജഡ്ജി ചോദിച്ചു. ഇപ്പോൾ ഇവർക്ക് നൽകിയ ശിക്ഷ മറ്റുള്ളവർക്ക് ഒരു പാഠമാകണമെന്നും ജഡ്ജി വിധി പ്രസ്താവിച്ച് പറഞ്ഞു.
2019ൽ കാണാതായ ആറ് വയസുകാരിയെ കോണിപ്പടിക്കടിയിലെ മുറിയിൽ നിന്ന് കണ്ടെത്തി. അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഗ്രാമത്തിലാണ് സംഭവം. കോണിപ്പടിക്കടിയിലെ ഇരുണ്ടതും ഈർപ്പമുള്ളതുമായ സ്ഥലത്ത് മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ ഒളിപ്പിച്ചു താമസിപ്പിച്ചത്.
പെയ്സ്ലി ഷട്‌ലിസ് എന്ന പെൺകുട്ടിയെയാണ് 2019ൽ കാണാതായത്. കുട്ടിയുടെ രക്ഷാകർതൃ പദവിയിൽ നിന്ന് തങ്ങളെ നീക്കം ചെയ്യുമെന്ന ഭീതിയാണ് കുട്ടിയെ ഒളിവിൽ താമസിപ്പിക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയെ അന്വേഷിച്ച് രണ്ട് വർഷത്തിനിടെ നിരവധി തവണ പൊലീസ് ഈ വീട്ടിലെത്തിയിരുന്നു. പക്ഷെ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കുട്ടി വീട്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് വീണ്ടും ഇവിടെയെത്തിയത്. വിശദമായ പരിശോധനയിലാണ് വിചിത്രമായ രീതിയിൽ നിർമിച്ച കോണിപ്പടികൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. രണ്ട് മൂന്ന് മരപ്പടികൾ എടുത്തമാറിയപ്പോഴാണ് അതിനകത്തിരിക്കുന്ന കുട്ടിയേയും പിതാവിനേയും കണ്ടെത്തിയത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ അപകടാവസ്ഥയിൽ സൂക്ഷിച്ചതിന് മാതാപിതാക്കൾക്കെതിരെയും മുത്തച്ഛനെതിരെയും കേസെടുത്തിട്ടുണ്ട്.
കാനഡയുടെ കിഴക്കൻ തീരത്ത് സ്പാനിഷ് മത്സ്യബന്ധന ബോട്ട് മുങ്ങി 10 പേർ മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തു. മൂന്നു ജീവനക്കാരെ രക്ഷപെടുത്തി. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിന് സമീപമുള്ള കടലിലാണ് ബോട്ട് മുങ്ങിയത്. ബോട്ട് 24 അംഗ ജീവനക്കാരില്‍ 16 സ്പാനിഷുകാരും പെറുവിയൻ, ഘാന പൗരന്മാരും ഉൾപ്പെടുന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ ഗലീഷ്യ മേഖലയിലെ മരിൻ തുറമുഖത്ത് നിന്നാണ് മത്സ്യബന്ധന ബോട്ട് എത്തിയത്.
കിളിയന്തറ (കണ്ണൂർ) ∙ യുഎസിലെ കനക്ടിക്കട്ടിൽ കാറപകടത്തിൽ മലയാളി കന്യാസ്ത്രീ മരിച്ചു. 2 കന്യാസ്ത്രീകൾക്കു പരുക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോസഫ്സ് അഡോറേഷൻ പ്രൊവിൻസ് അംഗം കാസർകോട് ബദിയടുക്ക സ്വദേശിനി സിസ്റ്റർ അനില പുത്തൻതറ (40) ആണു മരിച്ചത്. കാറിൽ ഒപ്പം ഉണ്ടായിരുന്ന സിസ്റ്റർ ബ്രജിറ്റ് പുലക്കുടിയിൽ, സിസ്റ്റർ ലയോൺസ് മണിമല എന്നിവർ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.
യുഎസിലെ സെന്റ് ജോസഫ്സ് ലിവിൽ നഴ്സിങ് ഹോമിൽ സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ അനിലയും മറ്റുള്ളവരും ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ തിങ്കളാഴ്ച രാവിലെ (ഇന്ത്യൻ സമയം 9.30) ആണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ ശക്തമായ മഴയും മഞ്ഞും മൂലം റോഡിൽ നിന്നു തെന്നി മാറി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബദിയടുക്കയിലെ കുര്യാക്കോസ് – ക്ലാരമ്മ ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
മയാമി, ഫ്ലോറിഡ: മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ.സോമനാഥിന്റെ അകാല വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാൾ നഷ്ടമായത് മാധ്യമരംഗത്തെ കൂടുതൽ ശുഷ്കമാക്കുന്നു. മികച്ച ശൈലിയിൽ രാഷ്ട്രീയലേഖനങ്ങളും പംക്തികളും എഴുതുമ്പോഴും എല്ലാവരോടും സമഭാവനയോടെ പെരുമാറിയ വ്യക്തി ആയിരുന്നു അദ്ദേഹമെന്ന് സഹപ്രവർത്തകർ അനുസ്മരിക്കുന്നു.
‘ആഴ്ചക്കുറിപ്പുകൾ’ എന്ന പേരിൽ മലയാള മനോരമ എഡിറ്റോറിയൽ പേജിൽ സോമനാഥ് ദീർഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തി കേരളമാകെ ചർച്ച ചെയ്തവയാണ്. സോമനാഥിന്റെ ‘നടുത്തളം’ നിയമസഭാവലോകനങ്ങൾ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും വേറിട്ടുനിന്നു-മനോരമ പ്രസിദ്ധീകരിച്ച ചരമ അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
അദ്ദേഹത്തിന്റെ വേർപാടിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളോടും ബന്ധുമിത്രാദികളോടും തങ്ങളുടെ ദുഖവും അറിയിക്കുന്നതായി പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു.
അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കവേ കാനഡയിൽ മരിച്ച ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവുമാണ് കൊടുംതണുപ്പിൽ മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് മഞ്ഞില്‍ തണുത്ത് മരിച്ച നാലുപേരെ കാനഡ അതിര്‍ത്തിക്കുള്ളില്‍ മാനിട്ടോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് കണ്ടെടുത്തത്.
മൈനസ് 35 ഡിഗ്രി താപനിലയുള്ളിടത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡയില്‍ നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മണിക്കൂറുകളോളം കൊടും തണുപ്പില്‍ കുടുങ്ങിയതാണ് മരണകാരണം. ആദ്യം മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലില്‍ കൗമാരക്കാരന്‍റെ മൃതദേഹം കണ്ടെത്തി.
ഇവരെ അനധികൃതമായി കടത്താന്‍ ശ്രമിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റീവ് ഷാന്‍ഡ് എന്ന യുഎസ് പൗരനെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴുപേരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സംഘം 11 മണിക്കൂര്‍ നടന്നാണ് അതിര്‍ത്തി കടന്ന് യുഎസിലെത്തിയത്.
മരിച്ച കുടുംബത്തിന്റെ ബാഗ് ഇവരിലൊരാളുടെ കൈയിലായിരുന്നു. മരിച്ച കുടുംബവും ഇവര്‍ക്കൊപ്പമാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ രാത്രിയില്‍ ഇവര്‍ വഴിമാറി. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാനുള്ള ശ്രമത്തിനിടെ ഓരോ വർഷവും നിരവധി പേരാണ് മരിക്കുന്നത്. വാഗ്ദാനങ്ങൾ നൽകി ആളുകളെ വലയിലാക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളും സജീവമാണ്.