കടുത്ത ശാരീരിക പീഡനത്തിന്റേയും മാനസീക പിരിമുറുക്കത്തിന്റെയും അന്‍പതോളം വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തിയ 53കാരിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. അമേരിക്കയിലെ ടെക്സാസ് സ്വദേശിനിയായ മെലീസ ഹൈസ്മിത്ത് ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ യഥാര്‍ത്ഥ അച്ഛനമ്മമാരെ കണ്ടെത്തി വാര്‍ത്തകളില്‍ ഇടം നേടിയത്.

ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തിലെ താമസക്കാരിയായിരുന്നു മെലീസ. 1971 ഓഗസ്റ്റ് 23നാണ് മെലീസയെ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയത്. അന്ന് 21 മാസമായിരുന്നു മെലീസയുടെ പ്രായം. ഇവരുടെ അമ്മയായ അള്‍ട്ട അപ്പാന്‍ടെന്‍കോ ഭര്‍ത്തായ ജെഫ്രി ഹൈസ്മിത്തില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം കുഞ്ഞായിരുന്ന മെലീസയെ നോക്കാനായി റൂത്ത് ജോണ്‍സണ്‍ എന്ന ഒരു ആയയെ നിയമിച്ചിരുന്നു. ഇവരാണ് മെലീസയെ തട്ടിക്കൊണ്ടുപോയത്.

പിന്നീട് മെലാനിയ വാള്‍ഡന്‍ എന്ന പേരിലാണ് മെലീസ വളരാന്‍ തുടങ്ങിയത്. എന്നാല്‍ റൂത്ത് ജോണ്‍സണും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് മെലീസ തുറന്നുപറയുന്നു. കടുത്ത ലൈംഗികാതിക്രമം താന്‍ അനുഭവിച്ചിരുന്നതായും പീഡനം സഹിക്കാനാവാതെ 15 വയസ്സുള്ളപ്പോള്‍ ആ വീട്ടില്‍ നിന്നും ഓടിപ്പോയി, തെരുവുകളില്‍ ജോലി ചെയ്തും മറ്റുമാണ് ജീവിച്ചിരുന്നതെന്നും മെലീസ പറഞ്ഞു.

മാതാപിതാക്കളുടെ മുഖം പോലും മെലീസയ്ക്ക് ഓര്‍മ്മയില്ലായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മെലീസ തന്റെ മാതാപിതാക്കളെ ആദ്യമായി കാണുന്നത്. മെലീസയ്ക്ക് ഇപ്പോള്‍ 53 വയസ്സുണ്ട്. 51 വര്‍ഷത്തിന് ശേഷമാണ് തന്റെ മാതാപിതാക്കളെ അവര്‍ ആദ്യമായി കാണുന്നത്.

മെലീസ ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തില്‍ തന്നെയാണ് താമസിച്ചിരുന്നതെന്ന കാര്യം അവരുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കും അറിയില്ലായിരുന്നു. ഇരുവര്‍ക്കുമിടയില്‍ ഏകദേശം 20 മിനിറ്റ് ദൂരം യാത്ര മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നിട്ടും പരസ്പരം അറിയാന്‍ ഏകദേശം 51 വര്‍ഷം കാത്തരിക്കേണ്ടി വന്നു.