അമേരിക്കയിലെ അരിസോണ സംസ്ഥാനത്തിലെ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളിയിൽ വീണ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മുങ്ങിമരിച്ചു.

ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. തണുത്തുറഞ്ഞ വുഡ്സ് കാന്യൻ തടാകത്തിലൂടെ നടക്കുമ്പോൾ തെന്നി വീണായിരുന്നു അപകടം.

ഡിസംബർ 26ന് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടമുണ്ടായതെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ചാൻഡ്‍ലർ എന്ന സ്ഥലത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹരിതയെ വെള്ളത്തിൽ നിന്നു പുറത്തെടുത്തു ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. നാരായണ, ഗോകുൽ എന്നിവരെ മരിച്ച നിലയാണു കണ്ടെത്തിയതെന്നും പ്രവിശ്യ ഷെരീഫ് വ്യക്തമാക്കി.

വൻ ശീതകാല കൊടുങ്കാറ്റ് വടക്കേ അമേരിക്കയെ ആഞ്ഞടിക്കുന്നത് തുടരുന്നതിനാൽ പത്ത് ദശലക്ഷത്തിലധികം അമേരിക്കക്കാരും കാനഡക്കാരും പ്രശ്നങ്ങൾ നേരിടുകയാണ്. സൈക്ലോൺ ബോംബ് എന്ന ശീതക്കൊടുങ്കാറ്റാണ് അടിക്കുന്നത്. യുഎസ്. 3,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 25 കോടിയോളം ജനങ്ങളെ ശൈത്യബോംബ് ബാധിച്ചു. യുഎസിലാകെ 62 പേർ മരിച്ചതായാണഅ വിവരം.

മധ്യരേഖാ പ്രദേശത്തെ ചൂടേറിയ വായു മുകളിലേക്ക് ഉയർന്ന് രൂപപ്പെടുന്ന വായുരഹിത പ്രദേശത്തേക്ക് ആർട്ടിക് ധ്രുവമേഖലയിൽ നിന്നുള്ള അതിശൈത്യക്കാറ്റ് പെട്ടെന്നു വന്നുനിറഞ്ഞാണു ബോംബ് ചുഴലി രൂപപ്പെടുന്നത്. യുഎസിൽ ചിലയിടങ്ങളിൽ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസും കടന്നു കുത്തനെ താഴേക്കു പോയി.

യുഎസിൽ 45 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ ശീതക്കാറ്റാണ്. തെക്കൻ ന്യൂയോർക്കിലെ ബഫലോ നയാഗ്ര രാജ്യാന്തര വിമാനത്താവളത്തിൽ ഞായറാഴ്ച 109 സെന്റിമീറ്റർ ഹിമപാതമുണ്ടായി. വിമാനത്താവളം അടച്ചു. കാറുകളുടെയും വീടുകളുടെയും മുകളിൽ ആറടിയോളം ഉയരത്തിൽ മ​ഞ്ഞുവീണ് കിടക്കുകയാണ്.

മണിക്കൂറിൽ 64 കിലോമീറ്ററിലേറെ വേഗത്തിൽ വീശുന്ന ശീതക്കൊടുങ്കാറ്റു മൂലം ഞായറാഴ്ച മാത്രം 1,707 ആഭ്യന്തര-രാജ്യാന്തര വിമാനസർവീസുകൾ യുഎസിൽ റദ്ദാക്കി. ജപ്പാനിൽ അതിശൈത്യം കാരണം 17 പേർ മരിച്ചു. വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകും എന്നാണ് മുന്നറിയിപ്പ്. നൂറുകണക്കിനു പേർക്ക് ഹിമപാതത്തിൽ പരുക്കേറ്റിട്ടുണ്ട്.

കാനഡയ്ക്കു സമീപം ഗ്രേറ്റ് തടാകം മുതൽ മെക്സിക്കോ അതിർത്തിയിലെ റിയോ ഗ്രാൻഡെ വരെ വീശുന്ന ശീതക്കാറ്റ് യുഎസിലെ 60% പേരെയും ബാധിച്ചതായാണ് വിവരം. ഈ മേഖലയിൽ അന്തരീക്ഷമർദം വീണ്ടും കുറയുന്നത് കൊടുങ്കാറ്റു ശക്തിപ്പെടാനുള്ള സൂചനയാണെന്നാണ് വിവരം.