വള്ളക്കടവ് വയ്യാമൂല സ്വദേശിയായ സുമേഷിനെയാണ് ഇന്നലെ രാത്രി കാറിടിച്ച് കൊലപ്പെടുത്തിയത്. വാഹന അപകടമെന്ന സംശയത്തിൽ തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി പന്ത്രണ്ടരക്കു ശേഷമാണ് ചാക്ക ബൈപ്പാസിന് സമീപം അപകടമുണ്ടായത്. അപകടത്തിൽ സുമേഷ് തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന സൂരജിനെ ഗുരുതരമായി പരിക്കേറ്റു. വാഹനം അപകട കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരു കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്നത് കണ്ടത്.

അന്വേഷണം അപകടമുണ്ടായതിന് തൊട്ടടുത്ത ബാറിലേക്ക് നീങ്ങി. ഇന്നലെ രാത്രി 12 മണിക്ക് സുമേഷും മറ്റ് മൂന്നുപേരും തമ്മിൽ ബാറിൽ വച്ച് തർക്കമുണ്ടായതായി പൊലീസ് മനസിലാക്കി. കാറും അതിൽ സഞ്ചരിച്ച മൂന്നുപേരെയും പൊലീസ് കസ്റ്റിലെടുത്തു. നിഹാസ്, ഷെമീം, റെജി എന്നിവരാണ് കറിലുണ്ടായിരുന്നത്. നിഹാസാണ് കാറോടിച്ചിരുന്നത്. നിഹാസ് ഏതാനും ദിവസം മുമ്പാണ് വിദേശത്തുനിന്നും വന്നത്.

മദ്യപിച്ചിറങ്ങുന്നതിനിടെ പ്രതികളും സുമേഷുമായി വാക്കു തർക്കമുണ്ടായി. സെക്യൂരിജീവനക്കാർ ഇടെപെട്ട് ഇവരെ പുറത്തേക്കയച്ചു. പക്ഷെ പ്രതികള്‍ കാറിൽ കാത്തിരുന്നു. സുമേഷും സുഹൃത്തും ബൈക്കിൽ പോയപ്പോള്‍ പിന്തുടർന്ന് ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ സുഹൃത്തായ അനുപിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട സുമേഷ്. മറ്റ് ചില ക്രിമിനൽ കേസിലും പ്രതിയാണ് സുമേഷ്. ബാറിന്‍റെ പ്രവർത്തന സമയം കഴിഞ്ഞിട്ടും മദ്യം നൽകിയതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

പിറന്നാൾ ആഘോഷം കൊലയിൽ കലാശിച്ചു

കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിനാണ് സുമേഷ് എത്തിയത്. പ്രതികളിൽ ഒരാളുടെ ഭാര്യയെ പ്രസവത്തിനായി നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബാറിൽ ഭക്ഷണം കഴിക്കാനാണ് സംഘം എത്തിയത്. സുമേഷുമായുണ്ടായ വാക്കു തർക്കം അടിപിടിയിൽ കലാശിച്ചതിനെ തുടർന്ന് സുമേഷും സുഹൃത്തും ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ കാറിൽ പിന്തുടർന്ന് ഇ‌ടിച്ചു വീഴ്ത്തുകയായിരുന്നു. കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നുമാണ് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.