ശിശുക്കളുടെയും ചെറിയ കുട്ടികളെയും കൂട്ടത്തോടെ സംസ്‌കരിച്ച ശ്മശാനം അനാഥാലയത്തില്‍ കണ്ടെത്തി. അയര്‍ലന്റിലെ തുവാം നഗരത്തിലെ ഒരു മുന്‍ കത്തോലിക്കാ അനാഥാലത്തിലാണ് 20 ചേമ്പറുകളുള്ള ഭൂഗര്‍ഭ ശ്മശാനം കണ്ടെത്തിയത്.
35 മാസം മുതല്‍ മൂന്ന് വയസുവരെയുള്ള കുട്ടികളെയാണ് ഇവിടെ അടക്കം ചെയ്തിരിക്കന്നതെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയതായി അന്വേഷണ കമ്മീഷന്‍ പറഞ്ഞു. 1950കളിലാണ് കുട്ടികളെ അടക്കം ചെയ്തത്. 1961ല്‍ സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തി.

കത്തോലിക്കാ കന്യാസ്ത്രീകള്‍ നടത്തിയിരുന്ന ഈ സ്ഥാപനത്തില്‍ വിവാഹിതരാകാത്ത സ്ത്രീകളുടെ പ്രസവ ശുശ്രൂഷകള്‍ നടത്തിയിരുന്നു. എന്നാല്‍ കുട്ടികളെ സ്വീകരിക്കാത്ത സ്ത്രീകള്‍ അവരെ ഹോമില്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. അവരെ ആരും ദത്തെടുക്കാറുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവിടെ അടക്കം ചെയ്തിരിക്കുന്ന 800ഓളം മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനയടക്കമുള്ള തെളിവുകളാണ് സംഘം പരിശോധിച്ചത്.