റെയില്‍വേ സ്‌റ്റേഷന്‍ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഒടുവില്‍ കണ്‍തുറന്നു. റെയില്‍വേയുടെ അധീനതയിലായിരുന്ന ലൈറ്റ് മാസങ്ങളായി പ്രവര്‍ത്തനരഹിതമായിരുന്നു. ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് റെയില്‍വേ തയാറായതുമില്ല. തുടര്‍ന്ന് നാട്ടുകാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് കേരളാ കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി അംഗവും പ്രോജക്ട് കോ ഓര്‍ഡിനേറ്ററുമായ ബെന്നി തടത്തില്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുകയായിരുന്നു.

പരിശോധനയില്‍ ബള്‍ബുകള്‍ക്കു പുറമേ വൈദ്യുതി കണക്ഷനിലും തകരാറുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം കെഎസ്ഇബിയുമായി ബന്ധപ്പെട്ട് കണക്ഷന്‍ പുനസ്ഥാപിച്ചു നല്‍കി. അതിനു ശേഷം പുതുപ്പള്ളിയില്‍ പ്രൊജക്റ്റ് വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന കരാറുകാരന്റെ ഇന്‍സ്റ്റലേഷൻ ടീമിനെ വിളിച്ചു വരുത്തി പുതിയ ബള്‍ബുകള്‍ സ്ഥാപിച്ചു ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുകയായിരുന്നു.

റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന നൂറു കണക്കിന് യാത്രികരുടെയും പരിസരവാസികളുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും ഏറെ നാളായുള്ള ആവശ്യമാണ് സഫലമായത്. ബസ് സ്റ്റോപ്പ് കൂടിയായ റെയില്‍വേ ജംഗ്ഷനില്‍ രാത്രിയില്‍ എത്തുന്ന യാത്രികര്‍ക്ക് പ്രദേശത്തെ ഇരുട്ട് ഏറെ ബുദ്ധിമുട്ടായിരുന്നു.