ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച ഹർത്താൽ. കെ റെയിൽ കല്ലിടലിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം ഉണ്ടായതിൽ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്.
കോൺഗ്രസും ബിജെപിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, മാടപ്പള്ളിയിൽ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.സി. ജോസഫിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.
കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സമാധാനപരമായി കല്ലിടുമെന്ന് സഭയിൽ നൽകിയ ഉറപ്പ് മുഖ്യമന്ത്രി ലംഘിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉപധനാഭ്യര്‍ഥന ചര്‍ച്ചകൾക്കിടെയാണ് പ്രതിപക്ഷം ചങ്ങനാശേരിയിലെ പോലീസ് അതിക്രമം സഭയിൽ ഉന്നയിച്ചത്.
കോൺഗ്രസ് കെ റെയിലിനെതിരായി ആളുകളെ ഇളക്കിവിടുകയാണെന്നും ഉദ്യോഗസ്ഥരെയും പോലീസിനെയും ആക്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ ചങ്ങനാശേരി സംഭവത്തിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മുഖ്യമന്ത്രി സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രീയ അന്ധതമൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാടപ്പള്ളിയിൽ നാലു സ്ത്രീകൾ ഉൾപ്പെടെ 23 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. മുൻ എംഎൽഎ ജോസഫ് എം.പുതുശേരിയെയും അറസ്റ്റ് ചെയ്തു. സിൽവർ ലൈനിനെതിരേ കൈയിൽ മണ്ണെണ്ണക്കുപ്പിയുമായാണ് സ്ത്രീകൾ പ്രതിഷേധിക്കാനെത്തിയത്.
ഇവർക്ക് നേരെ പോലീസ് ലാത്തിവീശി. സ്ത്രീകളെ പോലീസ് വലിച്ചിഴയ്ക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷം കല്ലിടൽ തുടരുകയാണ്.
Leave a Reply