ലണ്ടന്‍: നാല്‍പ്പത് വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച് വരുന്ന ജൂത വിദ്യാലയം അടച്ചു പൂട്ടാന്‍ ഉത്തരവ്. തികച്ചും യാഥാസ്ഥിതിക മൂല്യങ്ങള്‍ പുലര്‍ത്തുന്ന ഈ സ്‌കൂളില്‍ ഇംഗ്ലീഷ് പഠനത്തിന് വിലക്കും നിലവിലുണ്ട്. വടക്കന്‍ ലണ്ടനിലുളള സ്റ്റാഫോര്‍ഡ് ഹില്ലിലെ ഷാരേദി താല്‍മുദ് തോറ താഷ്ബാര്‍ സ്‌കൂളാണ് അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നത്. സ്‌കൂളിന് ആവശ്യമായ മിനിമം നിലവാരം പോലുമില്ലെന്നും ഓഫ്‌സ്റ്റെഡ് പരിശോധകര്‍ വിലയിരുത്തി. ഇരുനൂറോളം വിദ്യാര്‍ത്ഥികളുളള സ്‌കൂളിലെ ബോധന മാധ്യമം ഹീബ്രൂ ഭാഷയാണെന്നും പരിശോധകര്‍ കണ്ടെത്തി. സ്‌കൂളില്‍ സാംസ്‌കാരിക വംശീയ മൂല്യങ്ങളാണ് പഠിപ്പിക്കുന്നത്. എന്നാല്‍ വിശാലവും അഗാധവുമായി വിവിധ വിശ്വാസങ്ങളെയും സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും ജീവിത ശൈലികളെയും കുറിച്ച് ഈ സ്‌കൂളില്‍ പഠിപ്പിക്കുന്നില്ല. ഇംഗ്ലണ്ടിലെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ പോലും ഇവിടെ പാഠ്യ വിഷയമല്ലെന്നും കണ്ടെത്തി.
സ്വകാര്യ പദവി ലഭിക്കുന്നതിന് വേണ്ടിയുളള അപേക്ഷകളിന്‍മേലാണ് ഓഫ്‌സ്റ്റെഡ് പരിശോധകര്‍ സ്‌കൂളിനെക്കുറിച്ച് അന്വേഷണം നടത്തിയതെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം ലഭിച്ച റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മത തത്വത്തിന്റെ പേര് പറഞ്ഞ് കുട്ടികളെ ഇംഗ്ലീഷും മതേതര പാഠങ്ങളും അഭ്യസിപ്പിക്കുന്നില്ല. അവശ്യം വേണ്ട നിലവാരം കൈവരിക്കുന്നതില്‍ മൂന്ന് തവണ സ്‌കൂള്‍ പരാജയപ്പെട്ടു. എന്നിട്ടും സ്‌കൂള്‍ അടച്ച് പൂട്ടാന്‍ നടപടിയെടുത്തില്ല. ഇവര്‍ നിര്‍ബാധം പ്രവര്‍ത്തനം തുടര്‍രുകയായിരുന്നു. രജിസ്റ്റര്‍ ചെയ്യാത്ത ഇസ്ലാമിക സ്‌കൂളുകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്‌കൂളുകളുടെ മുഖ്യ പരിശോധകന്‍ സര്‍ മൈക്കിള്‍ വില്‍ഷാ പറഞ്ഞിരുന്നു.

അസഹിഷ്ണുത പ്രചരിപ്പിക്കുന്ന സ്‌കൂളുകള്‍ ഈമാസം അവസാനത്തോടെ അടച്ച് പൂട്ടും. ജൂത വിദ്യാലയം അടച്ച് പൂട്ടിയ നടപടിയെ ബ്രിട്ടീഷ് ഹ്യൂമനിസ്റ്റ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. നിയവിരുദ്ധമായ വിശ്വാസ സ്‌കൂളുകള്‍ക്കെതിരെ പ്രചാരണം നടത്തുന്ന സംഘടനയാണിത്. ഇതുപോലുളള ബാക്കി സ്‌കൂളുകള്‍ക്കെതിരെയും ഇത്തരം നടപടി കൈക്കൊളളാന്‍ വിദ്യാഭ്യാസ സെക്രട്ടറി ആര്‍ജ്ജവം കാട്ടണമെന്നും ഇവര്‍ പറഞ്ഞു. ആയിരക്കണക്കിന് കുട്ടികളുടെ കുട്ടിക്കാലമാണ് ഇത്തരം സ്‌കൂളുകള്‍ കവരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. എല്ലാവര്‍ഷവും എല്ലാമാസവും എല്ലാ ആഴ്ചയും ഇത്തരം സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. വന്‍തോതില്‍ കുട്ടികള്‍ ഒറ്റപ്പെടുകയും കുട്ടികളെ ദുരുപയോഗം ചെയ്യപ്പെടുകയുമാണ് ചെയ്യപ്പെടുന്നതെന്നും അസോസിയേഷന്‍ വ്യക്തമാക്കി. അടച്ചു പൂട്ടിയ നടപടിയില്‍ സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.