ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചാൾസ് മൂന്നാമൻ നടത്താനിരുന്ന ഫ്രാൻസ് സന്ദർശനം മാറ്റിവെച്ചു. ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് നടപടി. സന്ദർശന വേളയിൽ യൂണിയനുകൾ പെൻഷൻ പ്രതിഷേധ ദിനത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇക്കാരണത്താലാണ് തീരുമാനമെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.പാരീസിലേക്കും ബോർഡോയിലേക്കുമുള്ള യാത്ര ഞായറാഴ്ച ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ രണ്ട് നഗരങ്ങളും വ്യാഴാഴ്ച പ്രതിരോധത്തിൽ സ്തംഭിക്കാൻ സാധ്യതയുണ്ട്.

ചാൾസ് മൂന്നാമന്റെയും ക്വീൻ കൺസോർട്ടായ കാമിലയുടെയും മൂന്ന് ദിവസത്തെ സന്ദർശനം മാറ്റിവയ്ക്കാനുള്ള തീരുമാനം ഫ്രാൻസിലെ സാഹചര്യം കാരണമാണെന്ന് ബക്കിംഗ്ഹാം കൊട്ടാരം പറഞ്ഞു. എന്നാൽ പുതുക്കിയ തീയതിയിൽ ഇരുവരും ഫ്രാൻസ് സന്ദർശിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. രാജകൊട്ടാരം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ‘ചൊവ്വാഴ്ച രാത്രിയാണ് യൂണിയനുകൾ പ്രതിഷേധത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. ഉടൻ തന്നെ ഇരുവരുടെയും യാത്ര മാറ്റിവെക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു’ -ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മനുവേൽ മാക്രോൺ പറഞ്ഞു.

ഫ്രാൻസിന് ഏറെ വേണ്ടപ്പെട്ടവരാണ് ഇരുവരുമെന്നും, ബ്രിട്ടീഷ് ജനതയോട് ഗണ്യമായ സൗഹൃദവും ബഹുമാനവും ആദരവും ഉള്ളതിനാൽ, യാത്ര മാറ്റിവെക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. എല്ലാ കക്ഷികളുടെയും സമ്മതത്തോടെയാണ് തീരുമാനമെടുത്തതെന്ന് യുകെ സർക്കാർ പറഞ്ഞു. വേനൽക്കാലത്തിന്റെ തുടക്കത്തിലേക്കാണ് യാത്ര മാറ്റിവെച്ചതെന്നും മാക്രോൺ പറഞ്ഞു.