സ്റ്റോക്ക് ഓൺ ട്രെൻഡ്:  2020 മാർച്ച് എട്ടാം തിയതി സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിലെ ചെറുപുഷ്പ മിഷൻ ലീഗ് അംഗത്വ നവീകരണം പ്രസിദ്ധ  സുവിശേഷ പ്രസംഗകനും തെലുങ്കാന സംസ്ഥാനത്തുള്ള അദിലബാദ് സീറോ മലബാർ രൂപതയുടെ രൂപതാദ്ധ്യക്ഷനുമായ മാർ ആന്റണി പ്രിൻസ് പാണങ്ങാടൻ പിതാവ്  ഉത്‌ഘാടനം ചെയ്തത്. എന്നാൽ മാർച്ച് 23 മൂന്നാം തിയതി കൊറോണ വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗൺ ഉണ്ടാവുകയും ചെയ്‌തതോടെ യുകെ മൊത്തമായും വീട്ടിനുള്ളിൽ ഒതുങ്ങേണ്ട സാഹചര്യമൊരുങ്ങി.

കൊറോണയുടെ വകഭേദത്തോടെ ഒരിക്കൽ കൂടി കൂട്ടിലടക്കപ്പെട്ട കിളിയുടെ സാഹചര്യത്തിൽ ആണ് നാമെല്ലാവരും എങ്കിലും സൂം, ഗൂഗിൾ ക്ലാസ് റൂം, വാട്സ് ആപ്പ് എന്നിവയിലൂടെ കൊറോണയെ പടിക്കു പുറത്തുനിർത്തി ക്രിസ്സ്മസ് ആഘോഷിച്ചു. യൂണിറ്റ് പ്രാർത്ഥനാ മീറ്റിങ്ങുകൾ, വേദപഠന ക്ലാസ് എല്ലാം പുനഃരാരംഭിച്ചു.

സ്റ്റോക്ക്ഫാ ഓൺ ട്രെന്റ് മിഷന്റെ ചുമതല വഹിക്കുന്ന ഫാദർ ജോർജ്‌ജ് എട്ടുപറയിൽ ഡയറക്ടർ ആയും മോൻസി ബേബി വൈസ് ഡയറക്ടർ ആയും ചുമതല വഹിച്ചപ്പോൾ സംഘനയുടെ ഓർഗനൈസർ ആയി ഹെഡ് മാസ്റ്റർ മാത്തച്ചൻ ചുമതല ഏറ്റെടുത്തു.

സംഘടനയുടെ അമരത്തു പ്രസിഡന്റ് ആയി ടോണി ജോസഫ് എത്തിയപ്പോൾ സെറീന ഐക്കര സെക്രട്ടറിയും, ജൂഡ് മാത്യു ട്രെഷറർ ആയും എത്തി. വൈസ് പ്രസിഡന്റ് സിയോണ അബിനേഷ്, ജോയിന്റ് സെക്രട്ടറി അന്ന റോയി, ഓർഗനൈസർമാരായി റോസ് മേരി ബെന്നി, ജൂഡ് നൈജോ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.നിർവാഹക സമിതി അംഗങ്ങൾ ആയി അലൻ അനൂപ്, തെരേസ മാത്തച്ചൻ, സീൻ അനീഷ്, ജെഫ് ജോസഫ്, ഗവിൻ ജോർജ്ജ്, ഡാരൻ എബ്രഹാം, ജോഹാൻ ജോസഫ് മാത്യു, ജെറിമിൽ സെൽജി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

അല്പം ചരിത്രം…

കേരള സഭയിലെ പ്രേഷിത ദൈവവിളികള്‍ കണ്ടെടുക്കാനും സഭയുടെ വളര്‍ച്ചക്കായി അതിനെ ഉപയോഗിക്കാനുമായി ബഹു. ജോസഫ് മാലിപ്പറമ്പില്‍ അച്ചന്‍ രൂപം കൊടുത്ത അല്‍മായ സംഘടനയാണു ചെറുപുഷ്പ മിഷന്‍ ലീഗ്. പ്രേഷിത സൂനം എന്ന് അറിയപ്പെടുന്ന കൊച്ചുതേസ്യ ആണ് മിഷന്‍ ലീഗിന്റെ മദ്ധ്യസ്ഥ. 1947 ഒക്ടോബര്‍ 3നു സ്ഥാപിതം ആയി. ആസ്ഥാനം ഭരണങ്ങാനം ആണ്.

സ്‌നേഹം, ത്യാഗം, സേവാ, സഹനം’ എന്ന മുദ്രാവാക്യത്തിന്റെ ജയാരവങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചുയരുവാന്‍ കാരണഭൂതരായവരില്‍ പ്രധാനികളാണ് ബഹു. ജോസഫ് മാലിപ്പറമ്പിലച്ചനും ചെറുപുഷ്പ മിഷന്‍ലീഗിന്റെ തലച്ചോറായ പുല്ലാട്ടുകുന്നേല്‍ പി. സി. അബ്രാഹമെന്ന കുട്ടികളുടെ കുഞ്ഞേട്ടനും.

ദൈവവിളി പ്രോത്സാഹനം, പ്രേഷിത പ്രവർത്തനം, വ്യക്തിത്വ വികസനം എന്നിവയ്ക്ക് സംഘടന കൊടുത്ത ഊന്നൽ  ചെറുപുഷ്പ മിഷൻ ‌ലീഗിനെ ‘ദൈവവിളികളുടെ നഴ്‌സറി’ ആക്കിത്തീർത്തു പിന്നീട്.

സ്‌നേഹം, സേവനം, സഹനം, ത്യാഗം എന്നിവയിലൂന്നിയുള്ള കാരുണ്യപ്രവര്‍ത്തികള്‍ ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ വാര്‍ത്തെടുക്കുന്നതിനും സഹജീവികളോട് സഹാനുഭൂതിയും, കരുണയും കാട്ടുന്നതിനും ചെറിയ ചെറിയ ത്യാഗ പ്രവർത്തികളിലൂടെ വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതി കാണിച്ചുതന്ന മാതൃക അനുകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് കുട്ടികൾക്കായുള്ള ചെറുപുഷ്പ മിഷന് ലീഗ് എന്ന സംഘടന.

വ്യക്തിത്വ വികസനവും സേവനവുമാണ് മിഷന്‍ ലീഗിന്റെ മുഖ്യ ലക്ഷ്യം. ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങളില്‍ കുട്ടികളിലെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ ഈ സംഘടനയുടെ പങ്ക് നിസ്തുലമാണ്.

ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ മാർ ജെയിംസ് കാളാശ്ശേരിയുടെ അംഗീകാരത്തോടെ 1947 ല് ഈ സംഘടന പ്രവർത്തനം ആരംഭിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഔപചാരികമായ ഉദ്ഘാടനം, വി. കൊച്ചുത്രേസ്യയുടെ അന്‍പതാം ചരമ വാർഷികത്തോടനുബന്ധിച്ച് 1947 ഒക്ടോബർ  3ന് ഭരണങ്ങാനം അൽ‌ഫോന്‍സാ നഗറിൽ ചേർന്ന സമ്മേളനത്തില്‍ കോട്ടയം രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ തോമസ് തറയിൽ ആണ് നിർവഹിച്ചത്.

കാലഘട്ടത്തിന്റെ ആവശ്യമായി ദൈവപരിപാലനയിൽ ജന്മംകൊണ്ട മിഷന്‍ ലീഗിന്റെ വളർച്ച  വിസ്മയാവഹമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് കേരളത്തിലെ മിക്ക രൂപതകളിലും സംഘടനയുടെ വേരുറച്ചു. തുടർന്ന് കേരളസഭയുടെ പ്രേഷിതാഭിമുഖ്യത്തിൽ  മിഷന്‍ ലീഗ് കേരളത്തിന് പുറത്തുള്ള രൂപതകളിലും പടർന്ന് പന്തലിക്കുകയായിരുന്നു.

ഇപ്പോൾ ഇതാ യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലും സ്ഥാപിതമാകുമ്പോൾ മിഷന്റെ ചുമതല വഹിക്കുന്ന എട്ടുപറയിൽ അച്ചന് ഇത് അഭിമാനത്തിന്റെ നിമിഷവും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രവർത്തികൾ വിജയം കൊള്ളുകയും ചെയ്യുന്നു.