കോഴിക്കോട് കൂട്ടബലാത്സംഗം നടന്ന ചേവരമ്പലം രാരുക്കിട്ടി ഫ്ളാറ്റ് പോലീസ് അടച്ചുപൂട്ടി. പ്രതികള്‍ക്ക് ലോഡ്ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഫ്ളാറ്റിന്റെ ലെഡ്ജര്‍ പിടിച്ചെടുത്ത് പരിശോധിച്ചതില്‍ സംശയാസ്പദമായ രീതിയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും വ്യക്തമായി. ഒരു മാസത്തിനിടെ നൂറോളം പേര്‍ ഫ്ളാറ്റില്‍ മുറിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്.

ഇന്ന് അറസ്റ്റിലായ മൂന്നും നാലും പ്രതികളെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രതിഷേധവുമുണ്ടായി. സമാന സംഭവങ്ങള്‍ മുന്‍പും ഫ്ളാറ്റില്‍ നടന്നിട്ടുണ്ടെന്നും പരാതി നല്‍കിയിട്ടും അധികൃതര്‍ കാര്യമായ നടപടിയെടുത്തില്ലെന്നുമാണ് ഉയരുന്ന ആരോപണം. ഈ സാഹചര്യത്തിലാണ് പോലീസ് ഫ്ളാറ്റ് അടച്ചുപൂട്ടിയത്.

കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാല് പേരാണ് പ്രതികള്‍. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ്, കെഎ അജ്നാസ്, ഇടത്തില്‍താഴം നെടുവില്‍ പൊയില്‍ എന്‍പി വീട്ടില്‍ ഫഹദ് എന്നിവരെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും കൂട്ടുപ്രതി ഫഹദും കൂടി ഫഹദിന്റെ കാറില്‍ കയറ്റി ഫ്ളാറ്റിലെത്തിക്കുകയും അജ്നാസ് യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം അടുത്ത റൂമില്‍ കാത്തിരിക്കുകയായിരുന്ന മൂന്നും നാലും പ്രതികളെ മുറിയിലേക്ക് വിളിച്ചു വരുത്തുകയും യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നല്‍കി വീണ്ടും ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നുവെന്നാണ് കേസ്.

യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പരിക്ക് ഉണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. ഓയിൽ പുരട്ടിയ സിഗരറ്റ് കൊടുത്ത് മയക്കിയ ശേഷമാണ് യുവതി കൂട്ടബലാത്സംഗം നടന്നത്. പ്രതികളുടെ ക്രൂര പീഡനത്തിനിരയായ യുവതിക്ക് ഗുരുതര പരിക്കേല്‍ക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തപ്പോള്‍ പ്രതികള്‍ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം കടന്നു കളഞതായി പോലീസ് പറഞ്ഞു. ആശുപത്രി അധികൃതര്‍ ഈ പീഡന വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്റ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.