മിനി സുരേഷ്

നഗരത്തിലെ സിനിമ തീയേറ്ററുകളും,ചന്തയുമെല്ലാം കൂടിച്ചേരുന്ന റോഡിന്റെ ഒതുങ്ങിയ ഒരു മൂലയിലായിരുന്നു അയാളിരുന്നിരുന്നത്..പല തരം സേഫ്റ്റി പിന്നുകൾ,ചാക്കുകൾ തയ്ക്കാനുള്ള
സൂചികൾ എല്ലാം അയാളുടെ ശേഖരത്തിലുണ്ടായിരുന്നെങ്കിലും മാസ്റ്റർപീസ് ഇനമായ ‘ചെവിത്തോണ്ടിക്ക് ആയിരുന്നു അയാൾ കൂടുതലും ഊന്നൽ കൊടുത്തിരുന്നത്.

വാഹനങ്ങളുടെ ബഹളങ്ങൾ നിറഞ്ഞു നിൽക്കുന്ന ആ അന്തരീക്ഷത്തിലും കൈത്തണ്ടയിൽ ഞാത്തിയിട്ട പിന്നുകളുടെയും,സ്ലൈഡുകളുടെയും മാലകൾ കിലുക്കി “ചെവിത്തോണ്ടി..വിത്തോണ്ടി..ത്തോണ്ടി ..വേണോ ..എന്നിങ്ങനെ പതിഞ്ഞ ശബ്ദത്തിൽ അയാൾ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും.
‘ഇയർ ബഡ്സ് ‘ എന്ന നൂതനാശയം കമ്പനികൾ അന്നു കണ്ടു പിടിച്ചിട്ടേ ഇല്ലാത്ത കാലമായതിനാൽ
വഴിയാത്രക്കാരിൽ കൂടുതൽ പേരും ചെവിത്തോണ്ടി തന്നെയാണ് അയാളുടെ കയ്യിൽ നിന്നും വാങ്ങിയിരുന്നതും.
ആരുമൊരിക്കലും അയാളോടു ചോദിച്ചിട്ടേ ഇല്ല അയാളുടെ പേരെന്താണെന്നോ,എവിടെ നിന്നും
വരുന്നുവെന്നോ …അങ്ങനെയൊന്നും.
അയാൾക്കൊരു കു:ടുംബമുണ്ടെന്നും , മകൻ തന്റെ ക്ലാസ്സിലെ വിദ്യാർത്ഥിയാണെന്നും അയാളുടെ സ്ഥിരം കസ്റ്റമറായ രാവുണ്ണി മാസ്റ്റർ പോലുമറിഞ്ഞിരുന്നില്ല .
നെല്ലു ചാക്കു ചണനൂലു വച്ചു തുന്നുവാനുള്ള സൂചി,പേപ്പറുകൾ ചേർത്തു വച്ച് കൂട്ടിച്ചേർത്ത്
ബുക്കുകൾ ഉണ്ടാക്കുവാനുള്ള സൂചി ഇതൊക്കെയായിരുന്നു അധികവും മാസ്റ്റർ വാങ്ങിച്ചിരുന്നത്. പ്രൈമറി സ്കൂൾ അദ്ധ്യാപകന്റെ. തുച്ഛമായ ശമ്പളത്തിൽ മക്കളെ പോറ്റേണ്ടതിന്റെ
പ്രാരാബ്ദത്താൽ നല്ലതു പോലെ ചിലവു ചുരുക്കിയും,എളിമയോടെയും ആയിരുന്നു
അദ്ദേഹം ജീവിച്ചു പോന്നത്. പാഠങ്ങൾ ലളിതമായി പറഞ്ഞു കൊടുക്കുന്നതു കൊണ്ടും, സ്നേഹത്തോടെയും കാരുണ്യത്തോടെയും ഇടപെടുമെന്നതിനാലും വിദ്യാർത്ഥികൾക്കും അദ്ദേഹത്തെ പ്രിയമായിരുന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. നായർ സമാജത്തിന്റെ കീഴിലുള്ള സ്കൂളാണെങ്കിലും
പഠിക്കുന്നത് അധികവും മുസ്ലീം സമുദായത്തിൽ ഉൾപ്പെട്ട കുട്ടികളാണ്.ജാതി വേർതിരിവൊന്നും
അദ്ധ്യാപകർക്കോ,കുട്ടികൾക്കോ തമ്മിലില്ലാത്ത തികച്ചും സൗഹൃദപരമായ അന്തരീക്ഷമായിരുന്നു
ആ സ്കൂളിൽ. അതു കൊണ്ട് തന്നെ നിസ്കാരത്തിനും മറ്റും സമയം നൽകി രണ്ടു മുപ്പത്
ആകുമ്പോഴേ വെള്ളിയാഴ്ച്ച ക്ലാസ്സുകൾ ഉച്ചക്കു ശേഷം ആരംഭിക്കു.
ക്ലാസ്സിൽ പതിവില്ലാത്ത കുക്കുവിളികളും,ബഹളവും ഉയരുന്നതു കേട്ടാണ് മാസ്റ്റർ ക്ലാസ്സിലേക്ക് ചെന്നത്.
ഒരു ഡസ്കിൽ തലവച്ച് ക്ലാസ്സിലെ പരീക്ഷകൾക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന സലിം കരയുന്നു.
ചുറ്റും കൂടി ആർത്തു വിളിക്കുന്ന കുട്ടികളുടെ നേരെ വടിയോങ്ങി മാസ്റ്റർ ചോദിച്ചു.
” എന്താടാ”
“ഇവര് സലിമിനെ ചെവിത്തോണ്ടി എന്നു വിളിച്ചു കളിയാക്കുകയാണ് സർ,”സലിമിനോട് സഹതാപം
തോന്നിയ രണ്ടായി മുടി മടഞ്ഞിട്ട പെൺകുട്ടി പറഞ്ഞു.
നന്നായി പഠിക്കുന്ന അന്തർമുഖനായ സലിമിന്റെ ബാപ്പയോടാണ് താൻ സ്ഥിരമായി ചെവിത്തോണ്ടിയും. ചാക്കു തുന്നുന്ന സൂചിയുമൊക്കെ വാങ്ങാറുള്ളതെന്നോർത്തപ്പോൾ മാസ്റ്റർക്കു സങ്കടം തോന്നി. ബഞ്ചിന്റെ ഓരം പറ്റി നിശ്ശബ്ദനായി ക്ലാസ്സിലിരിക്കുന്ന അവനെ ഒരിക്കൽ പോലും പ്രോൽസാഹിപ്പിച്ചിട്ടില്ലല്ലോ എന്നോർത്ത് അദ്ദേഹത്തിന് വല്ലാത്ത കുറ്റബോധം
തോന്നി.
” ആട്ടെ,നിങ്ങളുടെയെല്ലാം വീട്ടിൽ നിങ്ങൾ ചെവി വൃത്തിയാക്കുന്നത് എന്തു കൊണ്ടാണ്?
ചെവിത്തോണ്ടി കൊണ്ട് “കുട്ടികളുടെ കൂട്ടത്തിൽ നിന്നും ചില ശബ്ദങ്ങൾ ഒന്നിച്ചുയർന്നു.”
അപ്പോൾ എല്ലാവർക്കും ആവശ്യമായ സാധനങ്ങളാണ് സലിമിന്റെ ബാപ്പ വിൽക്കുന്നത്,
അതിൽ സലിം അഭിമാനിക്കുകയല്ലേ വേണ്ടത്.ആട്ടെ ഉബൈദിന്റെ ബാപ്പക്കന്താണ് പണി
“മീൻ കച്ചവടം “മൊട്ടത്തലയനായ ഉബൈദ് മെല്ലെപറഞ്ഞു.
“നിന്നെ ആരെങ്കിലും ഏതെങ്കിലും മീനിന്റെ പേരു ചേർത്തു വിളിച്ചാൽ നിനക്കു നോവത്തില്ലേടാ”
ഉബൈദ് തലതാഴ്ത്തി.
“ഏതു തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നറിയണം. സലിമിന്റെ ബാപ്പ കഷ്ടപ്പെട്ട് മക്കളെ ഓരോരുത്തരെ ഓരോ കരക്കടുപ്പിക്കാൻ പാടു പെടുകയാണ്.,സലിം ഇതൊന്നും
കേട്ടു വിഷമിക്കണ്ട കേട്ടോ മോനെ.
കാലങ്ങളൊരു പാടു കഴിഞ്ഞു.ആ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഗമം നടക്കുകയാണ്. തങ്ങളെ
പഠിപ്പിച്ചിരുന്ന അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങാണ് വേദിയിൽ നടക്കുന്നത്.
വീൽ ചെയറിലിരിക്കുന്ന രാവുണ്ണി മാസ്റ്ററെ പൊന്നാടയണിയിച്ച് കൊണ്ട് കളക്ടർ സലിം മുഹമ്മദ് ഈ കഥ പറഞ്ഞപ്പോൾ ഹാളിലെങ്ങും കരഘോഷം നിറഞ്ഞു നിന്നിരുന്നു.
മാസ്റ്ററെ ചേർത്തു പിടിച്ചു കൊണ്ട് അയാൾ സ്നേഹപൂർവ്വം തലോടി.” മാഷേ അങ്ങ് നൽകിയ
പ്രോൽസാഹനവും,ആത്മവിശ്വാസവുമാണ് എന്നെ ഞാനാക്കിയത്”.
ഓർമ്മകൾ മരിച്ചു പോയ മാസ്റ്ററുടെ മുഖത്തും അപ്പോൾ നേരിയ ഒരു പുഞ്ചിരി വിടർന്നിരുന്നു.