കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ മാനദണ്ഡങ്ങൾ അതി കഠിനമാക്കി ചൈനീസ് സർക്കാർ. നിരീക്ഷണത്തിലിരിക്കുന്നവരെ വീടുകൾക്ക് പകരം മെറ്റൽ ബോക്‌സുകളിൽ താമസിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇത്തരത്തിൽ താമസിപ്പിക്കുന്നതിനായി രോഗികളെയും രോഗ ലക്ഷണങ്ങളുള്ളവരെയും നൂറ് കണക്കിന് ബസുകളിൽ കൊണ്ട് പോകുന്ന വീഡിയോകളും വൈറലാവുകയാണ്.

2019ൽ ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊവിഡ് ഇന്ന് ലോകമൊട്ടാകെ നാശം വിതച്ച് മുന്നേറുകയാണ്. ചൈനയിലും രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വർദ്ധിക്കുന്നു. അടുത്ത മാസം രാജ്യത്ത് നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സും സർക്കാരിന് വെല്ലുവിളി ഉയർത്തുന്നു. ഈ സാഹചര്യത്തിലാണ് സ‌ർക്കാരിന്റെ പുതിയ നീക്കം. സർക്കാർ പിന്തുടരുന്ന ഡൈനാമിക് സീറോ എന്ന ഫോർമുല പ്രകാരം കർശന ലോക്‌ഡൗൺ, അടിയന്തര കൂട്ട പരിശോധന എന്നീ മാർഗങ്ങളും രാജ്യത്ത് തുടരുന്നുണ്ട്.

ഗർഭിണികളും കുട്ടികളും, പ്രായമായവരുമടക്കം നിർബന്ധമായും പുതിയ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലിരിക്കണം. രണ്ടാഴ്ചയാണ് ക്വാറന്റൈൻ കാലയളവ്. ഓരോ ബോക്സിനകത്തും തടിക്കട്ടിലുകളും ടോയ്‌ലറ്റുമുണ്ടാകും. പ്രദേശത്തെ ആരെങ്കിലും ഒരാൾ രോഗബാധിതനായാൽ അവിടത്തെ എല്ലാ നിവാസികളും പുതിയ ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്ക് മാറണം. രോഗികളെയും രോഗലക്ഷണമുള്ളവരെയും അധികൃതർ ആപ്പുകളുടെ സഹായത്തോടെ കർശനമായി നിരീക്ഷിക്കുകയും ചെയ്യുന്നു.

20 ദശലക്ഷത്തോളം ആളുകൾ ചൈനയിൽ വീടുകളിൽ തന്നെ ബന്ധനാവസ്ഥയിലെന്ന പോലെ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങാൻ പോലും അനുവാദമില്ല. എന്നാൽ അടുത്തിടെ കർശന ലോക്‌ഡൗണിനെത്തുടർന്ന് ഒരു യുവതിയുടെ ഗർഭം അലസിയത് ചൈനയിൽ വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പുതിയ ക്വാറന്റൈൻ മാർഗങ്ങൾ അവലംബിച്ചിരിക്കുന്നത്.