ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
കോവിഡ് വൈറസിന്റെ ഉത്സവം ചൈനയിൽ നിന്നാണെന്ന് ലോകമൊട്ടാകെയുള്ള ശാസ്ത്രജ്ഞർ കൃത്യമായ ശാസ്ത്രീയ നിർവചനങ്ങളോടെ തെളിയിക്കുമ്പോൾ, ആരോപണം അയൽ രാജ്യങ്ങളുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചൈന. ചൈനീസ് അക്കാദമി ഓഫ് സയൻസസിൽ നിന്നുള്ള ഒരു ടീമാണ് വിവാദപരമായ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 2019ലെ വേനലിൽ ഇന്ത്യയിൽ നിന്നുത്ഭവിച്ച വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് വുഹാനിൽ നിന്നാണെന്നും, ചൈനയെ വെറുതെ പഴിചാരുകയാണ് എന്നുമാണ് ഇവർ അവകാശപ്പെടുന്നത്. അതേസമയം ഗ്ലാസ്ഗൗ യൂണിവേഴ്സിറ്റിയിലെ വിദഗ്ധനായ ഡേവിഡ് റോബർട്ട്‌സൺ പഠനം അങ്ങേയറ്റം ന്യൂനതകൾ നിറഞ്ഞതാണെന്നും, കോവിഡ് 19 നെ ചെറുക്കുന്ന പഠനത്തിന് ആവശ്യമായ ഒന്നും പുതുതായി നൽകുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
ഇതിനുമുൻപ് വൈറസിന്റെ ഉത്ഭവം യുഎസിൽ നിന്നും ഇറ്റലിയിൽ നിന്നും ആണെന്ന് ചൈന ആരോപിച്ചിരുന്നു. ഇപ്പോൾ അതിർത്തി തർക്കങ്ങളുടെ പേരിലും, മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ഇന്ത്യയുമായി അത്ര മികച്ച ബന്ധമല്ല ചൈന പുലർത്തുന്നത്. ചൈനയോട് തൊട്ടുകിടക്കുന്ന രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും അധികം മ്യൂട്ടേഷനുകൾ ഇല്ലാത്ത വൈറസിനെ ആണ് കണ്ടെത്തിയത്. വൈറസിന്റെ ജനിതകഘടനയിൽ വരുന്ന മാറ്റങ്ങളാണ് മ്യൂട്ടേഷനുകൾ. ഭൂമിശാസ്ത്രപരമായി അടുത്തടുത്ത് കിടക്കുന്ന രാജ്യങ്ങൾ ആയതിനാൽ മാത്രമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത് എന്ന് ലോക ശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെട്ടിരുന്നു.
ഡബ്ലിയു എച്ച് ഒ, ചൈനയിൽ കൃത്യമായി എവിടെ നിന്നാണ് ഇതിന്റെ ഉത്ഭവം എന്ന അന്വേഷണത്തിലാണ്. ലോകം മുഴുവൻ വൈറസ് ബാധിച്ചിട്ടും, ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ആദ്യമായി ഈ രോഗം ബാധിച്ച വ്യക്തി, അഥവാ സീറോ പേഷ്യന്റ് ആരാണെന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ ഏറ്റവും കുറവ് മ്യൂട്ടേഷൻ ഉള്ള വൈറസ് എവിടെ നിന്നാണ് കണ്ടെത്തിയത്, അവിടം ഉത്ഭവസ്ഥാനം ആയി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ശാസ്ത്രലോകം.
കഴിഞ്ഞ വേനലിൽ വടക്കേ ഇന്ത്യയിലും, പാക്കിസ്ഥാനിലും ഗുരുതരമായ ഉഷ്ണതരംഗം ഉണ്ടായിരുന്നു. കഠിനമായ വരൾച്ചയും ജലക്ഷാമവും നേരിട്ടിരുന്ന ആ സമയത്ത് ഇന്ത്യയിലും ബംഗ്ലാദേശിലും മൃഗങ്ങളും മനുഷ്യരും കൂടിക്കലർന്ന് ഒരേ സ്രോതസ്സിൽ നിന്നുള്ള ജലം കുടിച്ച് ഇരിക്കാമെന്നും, അവിടെ രോഗം ഉത്ഭവിച്ചിട്ടുണ്ടാവാം എന്നും, ജൂലൈ-ആഗസ്റ്റ് മാസങ്ങളോടെ അവിടെ നിന്നുള്ള രോഗവാഹകർ വഴി രോഗം ചൈനയിൽ എത്തിയത് ആവാം, എന്നുമാണ് ചൈനയിൽനിന്നുള്ള ടീമിന്റെ പഠനത്തിൽ പറയുന്നത്. വുഹാനിൽ നിന്നുള്ളത് ആദ്യത്തെ കേസുകൾ അല്ലെന്നും അവർ വാദിക്കുന്നു.
Leave a Reply