ഗീവർഗീസ് മാർ അപ്രേം

ശാന്തിയുടെയും സമാധാനത്തിൻറെയും സന്ദേശമാണ് ക്രിസ്തുമസ് ലോകജനതയ്ക്ക് നൽകുന്നത്. ദൈവം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ , തന്റെ പുത്രനെ നമുക്ക് നൽകിയ ദിനമാണ് ക്രിസ്തുമസ് . അതുകൊണ്ടാണ് അത് ദൈവ സ്നേഹത്തിൻറെ ആഘോഷമായി മാറുന്നത്.

പരസ്പര സൗഹാർദം പുതുക്കുന്നതും സ്നേഹത്തിൻറെ ഒത്തുചേരലുകളും ക്രിസ്തുമസ് കാലത്തിന്റെ പ്രത്യേകതകളാണ്. എന്നാൽ നമുക്ക് അറിയാവുന്നതുപോലെ ലോകമെങ്ങുമുള്ള ജനങ്ങൾ ഒരു മഹാമാരിയുടെ ആശങ്കയിലാണ്. പ്രത്യേകിച്ച് പ്രവാസികൾ . കോവിഡ് നിയന്ത്രണങ്ങൾ മൂലം ഈ ക്രിസ്മസ് കാലത്ത് തങ്ങളുടെ ഉറ്റവരുടെയും ബന്ധു ജനങ്ങളുടെയും അടുത്തേയ്ക്ക് അതിയായ ആഗ്രഹം ഉണ്ടായിട്ടും എത്തിച്ചേരാൻ സാധിക്കാത്ത പ്രവാസികളുടെ വേദന കടുത്തതാണ് . അതുപോലെതന്നെ കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് തങ്ങളുടെയൊപ്പം ഉണ്ടായിരിക്കുകയും മഹാമാരിയുടെ സമയത്ത് ജീവൻ കവർന്നെടുക്കപ്പെടുകയും ചെയ്ത ബന്ധുമിത്രാദികളുടെ വേദനയും പേറി ഒട്ടേറെപ്പേർ നമ്മുടെയിടയിലുണ്ട്. മഹാമാരി വിതച്ച അശാന്തിയുടെ കരിനിഴൽ പേറുന്ന ലോകത്തിന് സമാധാനവും ശാന്തിയും പകർന്നു നൽകാൻ ഈ ക്രിസ്തുമസ് കാലത്തിനാകട്ടെ .

ക്രിസ്തുമസ് സന്ദേശം ഉൾക്കൊണ്ട് കോവിഡ് കാലത്ത് ദുരിതം പേറുന്ന ജോലി നഷ്ടപ്പെട്ട സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങാകാൻ നമ്മൾക്കാകണം. ഈ ക്രിസ്തുമസ് ദിനങ്ങൾ ദൈവത്തിൻറെ കരുണയുടെ ആഘോഷമായി നമുക്ക് മാറ്റാം. ദൈവം കൂടെ വസിക്കുന്നുവെന്ന ബോധ്യം സഹോദരനോട് കരുണ കാണിക്കുവാൻ നമുക്ക് പ്രേരകമാകും. ഏവർക്കും സന്തോഷകരമായ ക്രിസ്തുമസും അനുഗ്രഹ പൂർണ്ണവുമായ പുതുവർഷവും ആശംസിക്കുന്നു.