റോയ് തോമസ്

ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങൾ മനോഹരമാക്കി പ്ലിമത്തിലെ മലയാളികൾ. പ്ലിമത്തിലെ വൂൾവെൽ ഹാളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ പ്രസിഡൻറ് ഷൈജു തോമസിന്റെ നേതൃത്വത്തിൽ ദീപം തെളിച്ചതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. മീഡിയ കോഡിനേറ്റർ റോയ് തോമസ് അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു . തുടർന്ന് കൊച്ചുകുട്ടികളുടെ നേറ്റിവിറ്റി പ്രോഗ്രാമും, കരോൾ സോങ്ങും അരങ്ങേറി.. ക്രിസ്മസ് രാവിന്റെ മനോഹാരിത നിറഞ്ഞ നേറ്റിവിറ്റിയെ കൊച്ചു മാലാഖമാർ സുന്ദരമാക്കി.. ശാന്തം, മനോഹരം എന്നേ പറയാൻ കഴിയൂ.. മിനി മനേഷ്, നിഷാ സിജു, സോജിയ റെന്നി തുടങ്ങിയവർ കുട്ടികളുടെ പ്രോഗ്രാമുകൾ മനോഹരമാക്കാൻ നേതൃത്വം നൽകി..പിന്നീടങ്ങോട്ട് പ്ലിമത്തിലെ മലയാളികൾക്കിടയിലുള്ള അനുഗ്രഹീത കലാകാരന്മാർ സ്റ്റേജിൽ നിറഞ്ഞാടി… പ്രസംഗം, കരോൾ സോങ്‌സ്, നൃത്തനൃത്ത്യങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം. മികച്ച രീതിയിലുള്ള സംഘാടന മികവുകൊണ്ട് സ്റ്റേജിൽ ഇടതടവില്ലാതെ പ്രോഗ്രാമുകൾ നടന്നുകൊണ്ടേയിരുന്നു …ഷൈജു തോമസും, സുമി ജിത്തുവും മനോഹരമായ അവതരണശൈലി കൊണ്ട് എല്ലാ പ്രോഗ്രാമുകൾക്കും മികച്ച തുടക്കം നൽകി. വൈവിധ്യമാർന്ന നൃത്ത ഇനങ്ങൾ സദസ്സിനെ ഇളക്കിമറിച്ചു.. നിലയ്ക്കാത്ത കയ്യടിയും ആർപ്പുവിളികളുമായാണ് സദസ്സ് പ്രതികരിച്ചത്..

ഇതിനിടയിൽ സരിത ഗോപകുമാർ,ജീമോൾ ഷിബിൻ, പോൾ വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രിസ്മസ് ട്രീകൂപ്പണുകളും അവയ്ക്കുള്ള സമ്മാനവിതരണങ്ങളും നടന്നുകൊണ്ടിരുന്നു..

ബിനോയ്,സോണി എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണത്തിനുശേഷം നടന്ന ക്രിസ്മസ് പാപ്പാമാരുടെ പ്രൊസഷൻ വേറിട്ട ഒരനുഭവമായിരുന്നു. ജിത്തു ജോൺസൺ, ജോസ് ജോസഫ്, സിന്റോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സാന്ത പരേഡ് സംഘാടന മികവ് കൊണ്ട് വൈവിധ്യമായ ഒന്നായിരുന്നു. പാപ്പാമാർ ആളുകൾക്ക് ഇടയിലേക്ക് മിഠായികളും സമ്മാനപ്പൊതികൾ വിതരണം ചെയ്തുകൊണ്ട് പരിപാടിയെ കൂടുതൽ മനോഹരമാക്കി.

തുടർന്ന് ജെനി ജോസ് , ആഷ്‌ലി തോമസ് എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം കലാകാരന്മാരെ അണിനിരത്തിയ മെഗാ ഫ്യൂഷൻ ഡാൻസ് നടന്നു.

പഴയകാല ക്ലാസ്സിക്കുകളും പുതിയ തരംഗങ്ങളും നിറഞ്ഞ ഫ്യൂഷൻ ഡാൻസ് അക്ഷരാർത്ഥത്തിൽ സദസിനെ ഇളക്കിമറിച്ചു… കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു പോലെ ഡാൻസിനൊപ്പം ചുവടുകൾ വച്ചു. സന്തോഷം, ആഹ്ളാദം,ആനന്ദം ഇതിൽപരം എന്തുവേണം.. അങ്ങനെ, ജന്മനാട് വിട്ട് മറ്റൊരു ദേശത്ത് താമസമുറപ്പിക്കുമ്പോഴും മലയാളത്തിന്റെ തനിമയുള്ള പരിപാടികളിലൂടെ ഒരുമയുടെ, സ്നേഹത്തിന്റെ,സമാധാനത്തിന്റെ പുതിയ പ്രതീക്ഷയായി പ്ലിമത്തിലെ മലയാളി സമൂഹം ഒന്നിച്ചു കൂടി. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച ക്രിസ്മസ്-ന്യൂഇയർ ആഘോഷം സെക്രട്ടറി മനോജ് ആൻറണിയുടെ നന്ദി പ്രകടനത്തോടെ സമാപിക്കുമ്പോൾ സമയം ഏതാണ്ട് പതിനൊന്ന് മണി ആയിരുന്നു..