സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയായ മലയാളി യുവതി കുടുംബത്തെ പോറ്റാന്‍ തെരഞ്ഞെടുത്തത് ഗള്‍ഫിലെ വീട്ടുജോലി. അനധികൃതമായി സൗദിയിലെത്തി ഒടുവില്‍ ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് അഭയകേന്ദ്രത്തില്‍ കഴിയുകയാണ് 26 കാരി. ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഇടുക്കി വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി സൗമ്യ ദമ്മാമിലെ വനിത അഭയ കേന്ദ്രത്തിലാണിപ്പോഴുള്ളത്. നാട്ടിലുള്ള അമ്മയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് എംബസിയുടെ നിര്‍ദേശപ്രകാരം സാമൂഹ്യപ്രവര്‍ത്തകര്‍ സൗമ്യയെ തെരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു.

സാമൂഹിക പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനാണ് സൗമ്യ ദമ്മാമിലെ അഭയ കേന്ദ്രത്തില്‍ ഉള്ള വിവരം മാധ്യമങ്ങളെ അറിയിച്ചത്. സിവില്‍ എന്‍ജിനീയറിംഗ് ബിരുദ ധാരിയായ സൗമ്യ ഒന്നര വര്‍ഷം മുമ്പാണ് വീട്ടുവേലക്കായി എത്തുന്നത്. 35 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗദിയില്‍ വീട്ടുവേലക്കായി എത്താന്‍ നിയമ തടസ്സമുണ്ടായിട്ടും മനുഷ്യക്കടത്ത് സംഘമാണ് സൗദിയിലെത്തിച്ചത്. അച്ഛന്‍ ഉപേക്ഷിച്ചുപോയ സൗമ്യ അമ്മയോടും രണ്ട് അനുജന്മാരോടും ഒപ്പമാണ് താമസം. സഹോദരങ്ങളെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കുകയും ജീവിതത്തില്‍ സ്വയം പര്യാപ്തത കൈവരിക്കണമെന്നുമുള്ള ആഗ്രഹത്തിന്റ പുറത്താണ് സൗമ്യ വീട്ടുവേല തരഞ്ഞെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1500 റിയാല്‍ ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോള്‍ നാട്ടില്‍ തുച്ചവരുമാനം ലഭിച്ച കണ്‍സ്ട്രക്ഷന്‍ കമ്പനി ജോലി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സൗമ്യ പറയുന്നത്. സൗദിയില്‍ വേരുകളുള്ള റിക്രൂട്ട്മെന്റ് കമ്പനി വഴിയാണ് ഇതിനുള്ള വഴികള്‍ തുറന്നത്. ഓഫീസ് ജോലിക്കാണ് താന്‍ ഗള്‍ഫില്‍ പോകുന്നതെന്നാണ് സൗമ്യ അമ്മയെ വിശ്വസിപ്പിച്ചിരുന്നത്. നാട്ടില്‍ വീട്ടുവേല ചെയ്താണ് അമ്മ മക്കളെ പോറ്റിയത്. കഷ്ടപ്പാടുകള്‍ കണ്ടുവളര്‍ന്ന സൗമ്യക്ക് അമ്മക്ക് താങ്ങാവണമെന്ന ആഗ്രഹം ഉണ്ടായി. റിയാദിലെ വീട്ടില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്ത സൗമ്യ അവിടുത്തെ പീഡനങ്ങള്‍ സഹിക്ക വയ്യാതെ ഏജന്‍സി സഹായത്തോടെ ദമ്മാമിലെ ഒരു വീട്ടിലെത്തി. സ്പോണ്‍സര്‍ നല്ല മനുഷ്യനാണന്നും ശമ്പളം കൃത്യമായി തരുമായിരുന്നുവെന്നും സൗമ്യ പറയുന്നു. എന്നാല്‍ വീട്ടിലെ സ്ത്രീകളില്‍ നിന്നാണ് തനിക്കു പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

അവസാനം അമ്മയോടും തന്റെ ജോലി വിവരങ്ങളും പീഡന വിവരങ്ങളും സൗമ്യ പങ്കുവെച്ചിരുന്നു. സ്പോണ്‍സറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഒരാളെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് അറിയിച്ചതെന്ന് ഈ വിഷയത്തില്‍ ഇടപെട്ട മഞ്ജു മണിക്കുട്ടനും ഷാജി വയനാടും മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും സൗമ്യയുടെ അവസ്ഥകള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ വലിയ തടസ്സമില്ലാതെ എക്സിറ്റ് ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് സാമൂഹ്യ പ്രവര്‍ത്തകര്‍. അഭയ കേന്ദ്രത്തിലാണങ്കിലും സൗമ്യയെ കണ്ടെത്തിയ വാര്‍ത്ത നാട്ടിലുള്ള കുടുംബങ്ങള്‍ക്കും ആശ്വാസം പകർന്നിട്ടുണ്ട്.