കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ കേരളത്തിന് വേണ്ടിയുള്ള ഫണ്ട് ശേഖരണ ട്രിബ്യൂട്ട് പരുപാടിയിലേക്ക് ഒഴുകി എത്തിയത് അഞ്ഞൂറിലധികം ആളുകള്‍. അതിവിപുലമായി നടത്താനിരുന്ന ഓണാഘോഷവും, ആര്‍ഭാടങ്ങളും ഒന്നുമില്ലാതെ നവകേരളം പടുത്തുയര്‍ത്താന്‍ ഫണ്ട് ശേഖരണത്തിനായി ഒന്നായി കൈകോര്‍ത്ത് കവന്‍ട്രി കേരളാ കമ്മ്യൂണിറ്റി വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബ്ബില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഒത്തുകൂടിയത്.

”കേരളത്തിന് വേണ്ടി” ഒന്നിച്ച് ഫണ്ട് ശേഖരണത്തിനായി ‘CKC Onam – A Tribute to Kerala Flood Victims’ എന്ന് നാമകരണം ചെയ്ത പരിപാടി ഒരു വന്‍ വിജയമാക്കി സി കെ സി അംഗങ്ങള്‍. റാഫിള്‍ സമ്മാനങ്ങളും, കുട്ടികളുടെ കൈയ്യില്‍ മൈലാഞ്ചി ഇട്ടും, ലേലം വിളിച്ചും ഒക്കെ ഫണ്ട് ശേഖരിച്ചപ്പോള്‍ എല്ലാവരുടെയും മനസലിഞ്ഞതും കണ്ണുകളില്‍ ഈറനണിഞ്ഞതും ഹരീഷ് പാലാ നിര്‍മ്മിച്ച കേരള പ്രളയത്തെകുറിച്ചുള്ള ടെലിഫിലിം കണ്ടപ്പോഴാണ്.

റാഫിള്‍ വിജയിച്ച ജീന്‍, ജോസ് എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച സമ്മാനം ലേലം ചെയ്യാന്‍ തിരികെ നല്‍കി കേരളത്തിനു വേണ്ടി കൂടുതല്‍ ഫണ്ട് ശേഖരിക്കാന്‍ സഹായിച്ചു. നേരത്തെ അംഗങ്ങളില്‍ നിന്നും സമാഹരിച്ച തുകയോടാപ്പം ഈ ഫണ്ട് ശേഖരണത്തിലൂടെ ആയിരത്തിലധികം പൗണ്ട് സമാഹരിക്കാന്‍ കമ്മറ്റി അംഗങ്ങള്‍ക്ക് സാധിച്ചു. ഈ തുകയും ചേര്‍ത്ത് ഒരു നവകേരളം പടുത്തുയര്‍ത്തുവാനായി മുഖ്യമന്ത്രിയുടെ ഭുരിതാശ്വാസ നിധിയിലേക്ക് നല്ല ഒരു തുക അയച്ചു കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് സി കെ സി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍.

കുട്ടികളുടെ കലാപരിപാടികളും, ഫണ്ട് ശേഖരണ പരിപാടികളും, കവന്‍ട്രിക്കകത്തും പുറത്തുനിന്നും ഉള്ള പ്രശസ്തരായ പാട്ടുകാരടങ്ങുന്ന ഗാനമേളയും ഫണ്ട് ശേഖരണ പരിപാടിക്ക് മാറ്റുകൂട്ടി. സി കെ സി യുടെ എല്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഫണ്ട് ശേഖരണ പരിപാടി വന്‍ വിജയമാക്കി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി സി കെ സി അംഗങ്ങള്‍ എല്ലാവരും ഒരു കുടക്കീഴില്‍ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കുന്നതാണ് സി കെ സി എന്ന അസോസിയേഷന്റെ ഏറ്റവും വലിയ വിജയവും മുതല്‍കൂട്ടും എന്ന് ആശംസാ പ്രസംഗത്തില്‍ സി കെ സി പ്രസിഡന്റ് ജോര്‍ജുകുട്ടി വടക്കേകുറ്റ് അറിയിച്ചു.

സി കെ സി സെക്രട്ടറി ഷിന്‍സണ്‍ മാത്യു സ്വാഗതവും, പ്രസിഡന്റ് ജോര്‍ജ്കുട്ടി വടക്കേക്കൂറ്റ് ആശംസയും ജോയിന്റ് ട്രഷറര്‍ സുനില്‍ ഡാനിയേല്‍ നന്ദിയും രേഖപ്പെടുത്തി.