സുനീഷിന്റെ സങ്കടം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു കള്ളന്റെ മനസ് അലിഞ്ഞില്ല, പക്ഷേ മുഖ്യമന്ത്രി കേട്ടു; ജസ്റ്റിന് പുത്തന്‍ സൈക്കിള്‍ എത്തി..

സുനീഷിന്റെ സങ്കടം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു കള്ളന്റെ മനസ് അലിഞ്ഞില്ല, പക്ഷേ മുഖ്യമന്ത്രി കേട്ടു; ജസ്റ്റിന് പുത്തന്‍ സൈക്കിള്‍ എത്തി..
January 27 06:12 2021 Print This Article

സുനീഷിന്റെ സങ്കടം സൈക്കിള്‍ കള്ളന്‍ കേട്ടില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കേട്ടു. ഉരുളികുന്നത്തെ വീട്ടുമുറ്റത്ത് പുത്തന്‍ സൈക്കിളെത്തി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതുപ്രകാരം കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ് പുതിയ സൈക്കിളുമായി സുനീഷിന്റെ വീട്ടിലെത്തി പുതിയ സൈക്കിള്‍ ജസ്റ്റിന് കൈമാറി.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഉരുളികുന്നം കണിച്ചേരില്‍ സുനീഷ് ജോസഫ് തന്റെ മോന്‍ ജെസ്റ്റിന്റെ ഒന്‍പതാം പിറന്നാളിന് സമ്മാനമായി വാങ്ങിയ സൈക്കിള്‍ മോഷ്ടാവ് കവര്‍ന്നതിനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്.

വൈകല്യത്തോട് പോരാടി സുനീഷ് സ്വരുക്കൂട്ടിയ സമ്പാദ്യത്തില്‍ നിന്നും വാങ്ങിയ
സൈക്കിളാണ് കരുണയില്ലാത്ത കള്ളന്‍ കൊണ്ടുപോയത്. മകന്‍ ജെസ്റ്റിന്റെ ഒന്‍പതാം പിറന്നാളിന് മൂന്നു മാസം മുന്‍പ് സമ്മാനമായി നല്‍കിയ സൈക്കിളായിരുന്നു. സൈക്കിളിന്റെ വില ആറായിരം രൂപ. പക്ഷേ, സുനീഷ് ഇത് സ്വരുക്കൂട്ടിയ അധ്വാനവും ഈ ജീവിതവും.

ജന്മനാ വൈകല്യത്തോടെ പിറന്നയാളാണ് സുനീഷ്. കാലുകള്‍ കുറുകി അരക്കെട്ടോട് ചേര്‍ന്ന് പിന്നില്‍ പിണച്ചുവെച്ചനിലയില്‍. കൈകള്‍ ശോഷിച്ചത്. വലതുകൈക്ക് തീരെ സ്വാധീനമില്ല. ഇന്നേവരെ കസേരയിലിരുന്നിട്ടില്ല, അതിനാവില്ല സുനീഷിന്. വീടിനുള്ളില്‍ സഞ്ചരിക്കുന്നത് ഒരു കൈകുത്തി അതിന്റെ ബലത്തില്‍ കമിഴ്ന്ന് നീന്തി. കട്ടിലില്‍ മലര്‍ന്നുകിടക്കാന്‍ പോലും ശേഷിയില്ല. കിടപ്പ് കമിഴ്ന്ന് മാത്രം.

എങ്കിലും തളരാതെ ജീവിതം കെട്ടിപ്പടുത്ത അദ്ഭുതമാണീ യുവാവ്. പിപിറോഡില്‍ കുരുവിക്കൂട്ട് കവലയില്‍ അഞ്ച് വര്‍ഷമായി കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തി അതില്‍നിന്നുള്ള തുച്ഛവരുമാനം കൊണ്ടാണ് ജീവിതം. ഭാര്യ ജിനി, മക്കള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ജെസ്റ്റിന്‍, ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ജെസ്റ്റിയ.

ഓഫീസിലേക്ക് രാവിലെ സുഹൃത്തുക്കള്‍ എടുത്ത് കാറില്‍ കയറ്റിക്കൊണ്ടുവരും. മടക്കയാത്രയും അങ്ങനെതന്നെ. ഓഫീസില്‍ കംപ്യൂട്ടറില്‍ ജോലി ചെയ്യണമെങ്കില്‍ കസേരയില്‍ ഇരിക്കാനാകില്ല. പ്രത്യേകം നിര്‍മിച്ച സോഫയില്‍ കമിഴ്ന്നുകിടന്നാണ് കംപ്യൂട്ടറില്‍ ടൈപ്പിങ് നടത്തുന്നത്.

മുഖ്യമന്ത്രി ഇടപെട്ട് പുതിയ സൈക്കിള്‍ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോള്‍ സുനീഷും ജസ്റ്റിനും കുടുംബവും. വാര്‍ത്ത കണ്ട് വിദേശത്ത് നിന്നുള്‍പ്പെടെ നിരവധി പേര്‍ വിളിച്ച് സൈക്കിള്‍ വാഗ്ദാനം ചെയ്തതായി സുനീഷ് പറഞ്ഞു.

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles