തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിവാദത്തില്‍ ബി.ജെ.പി നടത്തിയ സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി നടത്തിയ ഹര്‍ത്താലുകള്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ലക്ഷ്യംവെച്ചുള്ളതായിരുന്നു. അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ഇതിന് വേണ്ടി സര്‍വ്വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചേദ്യോത്തരവേളയില്‍ ഹര്‍ത്താല്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കലാപം ലക്ഷ്യംവെച്ച് സംഘ്പരിവാര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി നേരത്തെയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഹര്‍ത്താലിനിടെ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിന് ഒരു പങ്കും വഹിക്കാത്തവരാണ് ബോധപൂര്‍വം ഹര്‍ത്താല്‍ നടത്തുന്നത്. കാസര്‍കോട് മഞ്ചേശ്വരത്ത് ബി.ജെ.പി വര്‍ഗീയ കലാപനീക്കം നടത്തിയതായി കണ്ടെത്തിയിരുന്നു. പോലീസിന്റെ ജാഗ്രതാ പൂര്‍ണമായ നീക്കമാണ് കലാപനീക്കം പൊളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശബരിമല സ്ത്രീപ്രവേശനം നടന്നതിന് പിറ്റേ ദിവസം നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച വകയില്‍ 28.43 ലക്ഷം രൂപയും സ്വകാര്യ മുതല്‍ നശിപ്പിച്ച വകയില്‍ 1.03 കോടിരൂപയുടേയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കൃത്യമായ നടപടികള്‍ ഉണ്ടാകും. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സംസ്ഥാനത്തിന് ദുഷ്‌പേര് ഉണ്ടാക്കിയെന്നും പിണറായി ചൂണ്ടിക്കാണിച്ചു. അതേസമയം മിന്നല്‍ ഹര്‍ത്താലുകള്‍ ജനങ്ങളെ വലയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ചൂണ്ടിക്കാണിച്ചു.