പനിക്കും ജലദോഷത്തിനുമുള്ള മരുന്നുകള്‍ ബ്രാന്‍ഡ് പേരുകളിലുള്ളതാണെങ്കില്‍ അവയ്ക്ക് ആറിരട്ടിയിലധികം വില നല്‍കേണ്ടതായി വരുന്നുവെന്ന് വെളിപ്പെടുത്തല്‍. ലോയ്ഡ്‌സില്‍ 16 സുഡാഫെഡ് കണ്‍ജഷന്‍ ആന്‍ഡ് ഹഡേക്ക് റിലീഫ് ഗുളികയടങ്ങിയ ബോക്‌സിന് 4.09 പൗണ്ടാണ് വില. അതേസമയം ഈ മരുന്നിന്റെ ഘടകങ്ങള്‍ മാത്രമുള്ള ഗാല്‍ഫാം മാക്‌സ് സ്‌ട്രെങ്ത് കോള്‍ഡ് ആന്‍ഡ് ഫ്‌ളൂ ക്യാപ്‌സ്യൂളിന് പൗണ്ട്‌സ്‌ട്രെച്ചറില്‍ 69 പെന്‍സ് മാത്രമേ നല്‍കേണ്ടതുള്ളു. ശിശുക്കള്‍ക്കായുള്ള 100 മില്ലി കാല്‍പോള്‍ സിറപ്പിന് 3.5 പൗണ്ടാണ് ബൂട്ട്‌സ് ഈടാക്കുന്നത്. എന്നാല്‍ ഹെല്‍ത്ത്‌പോയിന്റ് ചില്‍ഡ്രന്‍സ് പാരസെറ്റമോള്‍ സസ്‌പെന്‍ഷന് വില്‍കോയില്‍ 1.20 പൗണ്ട് മാത്രം നല്‍കിയാല്‍ മതിയാകും. ഒരേ മരുന്ന് തന്നെയാണ് ഇത്.

ലെംസിപ് കോള്‍ഡ് ആന്‍ഡ് ഫ്‌ളൂ ക്യാപ്‌സ്യൂളിനും ബെനിലില്‍ കോള്‍ഡ് ആന്‍ഡ് ഫളൂ മാക്‌സ് ക്യാപ്‌സ്യൂളിനും ഒരേ ഘടകങ്ങള്‍ തന്നെയാണ് ഉള്ളത്. എന്നാല്‍ പൗണ്ട്‌സ്‌ട്രെച്ചറില്‍ ലഭിക്കുന്നതിനാണ് വിലക്കുറവ്. എല്ലാ മരുന്നുകളും ഏറ്റവും ഗുണനിലവാരമുള്ള ഒരേ വസ്തുക്കള്‍ ഉപയോഗിച്ചു തന്നെയാണ് നിര്‍മിക്കുന്നതെന്ന് റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റിയിലെ ലൂയിജി മാര്‍ട്ടീനി പറയുന്നു. ഡോസും ഫോര്‍മുലേഷനും ഒന്നുതന്നെയാണെങ്കില്‍ ബ്രാന്‍ഡഡ് മരുന്നുകളും ജാനറിക് മരുന്നുകളും ഒന്നുതന്നെയാണെന്നും മാര്‍ട്ടീനി പറയുന്നു. പിഎല്‍ നമ്പര്‍ കണ്ടെത്തിയാല്‍ ഒരേ മരുന്നുകളില്‍ തന്നെ കുറഞ്ഞ വിലയുള്ളവ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് വക്താവ് പറയുന്നത്. മരുന്നുദ്പാദകര്‍ക്ക് ഓരോ മരുന്നുകള്‍ക്കും നല്‍കുന്ന ലൈസന്‍സ് നമ്പറാണ് ഇത്.

ഉദാഹരണത്തിന് PL 12063/0104 എന്നത് പനിക്കും ജലദോഷത്തിനുമുള്ള മരുന്നാണ്. പല ബ്രാന്‍ഡിലും പാക്കേജിലുമാണെങ്കിലും പിഎല്‍ നമ്പര്‍ ഒന്നാണെങ്കില്‍ അത് ഒരേയിനത്തില്‍പ്പെട്ട മരുന്നു തന്നെയാണ്. തങ്ങള്‍ റീട്ടെയില്‍ പ്രൈസ് നിര്‍ദേശിക്കാറേയുള്ളുവെന്നും റീട്ടെയിലറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതെന്നും കാല്‍പോളിന്റെയും സുഡാഫെഡിന്റെയും നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പറയുന്നു.