കളക്ടര്‍ ബ്രോ എന്ന പേരില്‍ സമൂഹ മാധ്യമത്തിലൂടെ നിരന്തരമായി ഇടപെടല്‍ നടത്തി നിരവധി ആരാധകരെ സൃഷ്ടിച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് നായര്‍ ഐഎഎസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മാതൃഭൂമിയുടെ റിപ്പോര്‍ട്ടര്‍ പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസെടുത്തിരിക്കുന്നത്. പത്രപ്രവര്‍ത്തക യൂണിയന്‍ സംയുക്തമായി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാനായി വാട്സാപ്പില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ അടക്കമുള്ള മറുപടി ലഭിച്ചത്. താന്‍ പത്രത്തിൻ്റെ റിപ്പോര്‍ട്ടര്‍ ആണെന്ന വിവരം ചൂണ്ടിക്കാട്ടി പ്രശാന്തിനു മെസ്സേജ് അയച്ചപ്പോള്‍ നടന്‍ സുനില്‍ സുഖദയുടെ ചിത്രമുള്ള സ്റ്റിക്കര്‍ അയച്ചായിരുന്നു ഇയാള്‍ ആദ്യം മറുപടി നല്കിയത്. എന്നാല്‍ എന്താണു പ്രതികരണം എന്നറിയാന്‍ വേണ്ടിയാണ് എന്ന് വിശദമാക്കിയപ്പോള്‍ നടിയുടെ മുഖമുള്ള സ്റ്റിക്കറായിരുന്നു രണ്ടാമത്തെ മറുപടി.

  37,500 കോടി രൂപ ആസ്തിയുമായി യൂസഫലി; ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 6 മലയാളികൾ

എന്തു തരത്തിലുള്ള പ്രതികരണമാണ് ഇതെന്ന് മാധ്യമ പ്രവര്‍ത്തക വീണ്ടും ചോദിച്ചപ്പോള്‍ മറ്റൊരു നടിയുടെ മുഖമുള്ള സ്റ്റിക്കര്‍ ആയിരുന്നു ഇയാളുടെ മറുപടി. ഇത്തരത്തിലുള്ള തരം താണ പ്രതികരണം ഒരിയ്ക്കലും ഒരു ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ പദവിയില്‍ ഇരിക്കുന്ന ആളില്‍ നിന്നു പ്രതീക്ഷിച്ചില്ലെന്നും അതുകൊണ്ട് തന്നെ ഇത് അധികാരികളോടു പരാതിപ്പെടുമെന്നും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നാണ് ആദ്യം പഠിക്കേണ്ടതെന്നും മറുപടി നല്കിയപ്പോഴാണ് ഒരു ടെക്സ്റ്റ് മെസേജിലൂടെ പ്രശാന്ത് മറുപടി നല്കിയത്.

‘വാര്‍ത്ത ചോര്‍ത്തിയെടുക്കാനുള്ള വിദ്യ കൊള്ളാം, തെറ്റായ ആളുടെ അടുത്ത് തെറ്റായ വിദ്യയായിപ്പോയി’ എന്ന മെസേജ് നല്കി ഒടുവില്‍ ഇയാള്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. തൊട്ടു പിന്നാലെ തന്നെ മാധ്യമപ്രവര്‍ത്തകരെ തോട്ടിപ്പണിക്കാരായി താരതമ്യപ്പെടുത്തുന്നതില്‍ അദ്ഭുതമില്ലന്നൊരു മെസേജ് കൂടി ഇയാള്‍ അയക്കുകയുണ്ടായി. പിന്നീട്, ആദ്യം അയച്ച സ്റ്റിക്കര്‍ മെസേജുകള്‍ ഇയാള്‍ ഡിലീറ്റ് ചെയ്തു.