ഓർപ്പിങ്ടൻ : യു.കെയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘ഒരുമ’ ഓർപ്പിങ്ടന്റെ (ORUMA Orpington) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായ പരിപാടികളോടെ നടന്നു. പ്രവാസി മലയാളി കുടുംബങ്ങളുടെ വലിയ സാന്നിധ്യത്തിൽ നടന്ന ആഘോഷവേദി കേരളത്തിന്റെ തനിമയും ഓണത്തിന്റെ ഗൃഹാതുരതയും നിറഞ്ഞ ഒരു കൊച്ചു കേരളമായി മാറി.

ഒരുമ വൈസ് പ്രസിഡന്റ് ബ്ലെസി ജെയിംസിന്റെ സ്വാഗതത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. പ്രസിഡന്റ് ഗണേഷ് ശിവൻ ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും പുലികളിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു. പ്രൗഢഗംഭീരമായ മാവേലി എഴുന്നള്ളിപ്പിന് പിന്നാലെ റെനിറ്റ അരുൺ അവതരിപ്പിച്ച മോഹിനിയാട്ടം അരങ്ങേറി. സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിരയും കാണികളുടെ ശ്രദ്ധ നേടി.

ഒരുമ ടീം അവതരിപ്പിച്ച ഓണം തീം മ്യൂസിക്, ഒരുമ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരും അണിനിരന്ന കൈകൊട്ടിക്കളി, ജൂനിയർ വിഭാഗത്തിന്റെയും വനിതകളുടെയും ഗ്രൂപ്പ് ഡാൻസ്, പുരുഷന്മാരുടെ വഞ്ചിപ്പാട്ട് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ‘അമ്മയും കുഞ്ഞും മെഗാ ഷോ’യും പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി.

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ഒരുക്കി. തുടർന്ന് മലയാളികളുടെ ഗൃഹാതുരത ഉണർത്തുന്ന വിവിധ ഓണക്കളികളും ആവേശകരമായ വടംവലി മത്സരങ്ങളും നടന്നു. വൈകുന്നേരം വിഷ്ണു രാജ് ആൻഡ് ബാൻഡ് (Vishnu Raj & Band) നയിച്ച മ്യൂസിക്കൽ ഫ്യൂഷൻ ലൈവ് സംഗീതനിശയും അരങ്ങേറി. സംഗീതനിശയിൽ ആവേശത്തോടെ പങ്കുചേർന്ന സദസ്സ് ആഘോഷാന്തരീക്ഷത്തിന് കൂടുതൽ നിറം പകർന്നു. റാഫിൾ ഡ്രോ നറുക്കെടുപ്പോടെയാണ് പരിപാടികൾ സമാപിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഖില നിതിൻ, ആൻമരിയ, ആൻഡ്രിയ, അക്ഷര എന്നിവർ പരിപാടികളുടെ അവതാരകരായി.

പ്രസിഡന്റ് ഗണേഷ് ശിവൻ, സെക്രട്ടറി ബോബി അലക്സ്, ട്രഷറർ സജിമോൻ മൈക്കിൾ, വൈസ് പ്രസിഡന്റ് ബ്ലെസി ജെയിംസ്, ജോയിന്റ് സെക്രട്ടറി ജിമ്മി ജെയിംസ്, ജോയിന്റ് ട്രഷറർ ജിൻസ് ജോൺ എന്നിവരാണ് ഒരുമയുടെ ഭാരവാഹികൾ.

ലിജി ജസ്റ്റിൻ, നിതിൻ സുഗുണൻ, അരുൺ അശോക്, അജിത ജോർജ്, അവിനാഷ് രാജൻ, ബെനറ്റ്, ജെയ്‌സി തോമസ്, ജിബിൻ കുരുവിള, ജോ തോമസ്, ഷൈമോൾ വർഗീസ്, സോണി ജോസഫ്, സോണിയ ജോസ്, സ്റ്റെബിൻ പീറ്റർ, വേണു ഗോപാൽ എന്നിവർ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കുന്നു.

ഓണാഘോഷം വിജയകരമാക്കാൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും സെക്രട്ടറി ബോബി അലക്സ് നന്ദി അറിയിച്ചു.