ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിൽ ശൈത്യകാല രോഗവ്യാപനം ശക്തമാകുന്നതിനിടെ ഫ്ലൂ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കോവിഡ് കാലത്തിനു മുമ്പുള്ള വർഷങ്ങളിലെ ഇതേ സമയത്തേക്കാൾ ഉയർന്ന നിലയിൽ. വരും ദിവസങ്ങളിൽ ഫ്ലൂ ബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എൻ.എച്ച്.എസ് ഇംഗ്ലണ്ട് മേധാവി ജിം മാക്കി രംഗത്തെത്തി. ഫ്ലൂ, കോവിഡ് ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ വ്യാപനം കണക്കിലെടുത്ത് ആശുപത്രികളിലെ ജീവനക്കാരും സന്ദർശകരും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം ആശുപത്രി അധികൃതരോട് നിർദേശിച്ചു. കഴിഞ്ഞ ആഴ്ച ഫ്ലൂ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്ക് ഒരു ലക്ഷം പേരിൽ അഞ്ചിൽ നിന്ന് ഒൻപതിനടുത്തേക്ക് ഉയർന്നു. നവംബർ മാസത്തിലെ ഇതേ കാലയളവിൽ ഈ ദശകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഫ്ലൂ ഇപ്പോഴും മിതമായ തോതിലാണ് വ്യാപിക്കുന്നതെങ്കിലും അടുത്ത അഞ്ച് മുതൽ പത്ത് ദിവസത്തിനുള്ളിൽ രോഗബാധ ഗണ്യമായി വർധിക്കുമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ശൈത്യകാല രോഗവ്യാപനത്തിന്റെ പൂർണ ആഘാതം അനുഭവപ്പെടുമെന്നും ജിം മാക്കി മുന്നറിയിപ്പ് നൽകി. കോവിഡ്, റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ് (ആർ.എസ്.വി) എന്നിവയുടെ വ്യാപനവും വർധിച്ചിട്ടുണ്ട്. അതേസമയം, ഫ്ലൂ പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കുന്നവരുടെ എണ്ണം ആശങ്കാജനകമാംവിധം കുറവാണെന്ന് യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ചൂണ്ടിക്കാട്ടി. ദീർഘകാല ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ മൂന്നിലൊന്ന് പേർ മാത്രമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. ഫ്ലൂ ബാധിച്ചാൽ ഗുരുതരാവസ്ഥയിലാകാൻ സാധ്യതയുള്ള ചില വിഭാഗങ്ങളിൽ മരണസാധ്യത സാധാരണക്കാരെ അപേക്ഷിച്ച് 48 മടങ്ങ് കൂടുതലാണെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.

അതേസമയം, ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിൽ ആവശ്യത്തിന് കിടക്കകളില്ലാത്തതിനാൽ രോഗികളെ ഇടനാഴികളിൽ കസേരകളിലും ട്രോളികളിലും കിടത്തി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് മാക്കി ആവശ്യപ്പെട്ടു. രോഗികളുടെ സുരക്ഷയ്ക്കും വ്യക്തിമര്യാദയ്ക്കും ഇത് വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻ.എച്ച്.എസ് ട്രസ്റ്റിനു കീഴിലുള്ള രണ്ട് അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികളിൽ 38 ശതമാനം പേരും ഇടനാഴികളിലാണ് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടിവരുന്നത്. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ 5,000ത്തിലധികം രോഗികൾക്ക് ഈ അവസ്ഥ നേരിടേണ്ടിവന്നു. രോഗികളുടെ വർധിച്ച തിരക്ക് കൈകാര്യം ചെയ്യാനാകാതെ നോട്ടിങ്ഹാം, ഡെർബി, ബർട്ടൺ, കെറ്ററിങ്, നോർത്താംപ്ടൺ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി എൻ.എച്ച്.എസ് ട്രസ്റ്റുകൾ ഈ ആഴ്ച അടിയന്തര സാഹചര്യം പ്രഖ്യാപിച്ചിട്ടുണ്ട്.











Leave a Reply