കോപ അമേരിക്ക ജേതാക്കളായ അർജന്‍റീനയും യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും തമ്മിലുള്ള സൂപ്പർ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. അടുത്ത വർഷം ജൂണിലാകും വൻകരയുടെ ജേതാക്കൾ തമ്മിലുള്ള മത്സരം. കഴിഞ്ഞ ദിവസം യുവേഫയും കോൺമബോളും നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം. മത്സരവേദി ഇതുവരെ തീരുമാനിച്ചിട്ടില്ല.
അന്തരിച്ച ഇതിഹാസ താരം ഡീഗോ മറഡോണയോടുള്ള ആദര സൂചകമായി ഇറ്റാലിയൻ നഗരമായ നേപ്പിൾസിലാകും മത്സരം നടത്തുകയെന്ന് റിപ്പോർട്ടുകളുണ്ട്. മറഡോണ ഏഴുവർഷം കളിച്ച പ്രിയ ക്ലബായ നാപ്പോളിയുടെ മൈതാനത്താകും മത്സരം. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
മറക്കാന സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ബ്രസീലിനെ 1-0ത്തിന് പരാജയപ്പെടുത്തിയായിരുന്നു അർജന്‍റീന കോപ്പ അമേരിക്ക ജേതാക്കളായത്. 28 വർഷങ്ങൾക്ക് ശേഷം അർജൻറീന നേടുന്ന ആദ്യ പ്രധാന അന്താരാഷ്ട്ര കിരീടം കൂടിയായിരുന്നു ഇത്. വെംബ്ലിയിൽ വെച്ചു നടന്ന യൂറോ കപ്പ് കലാശപ്പോരാട്ടത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയായിരുന്നു ഇറ്റലിയുടെ കിരീടധാരണം.
Leave a Reply