കോപ അമേരിക്ക ജേതാക്കളായ അർജന്‍റീനയും യൂറോ കപ്പ്​ ജേതാക്കളായ ഇറ്റലിയും തമ്മിലുള്ള സൂപ്പർ പോരാട്ടത്തിന്​ അരങ്ങൊരുങ്ങുന്നു. അടു​ത്ത വർഷം ജൂണിലാകും വൻകരയുടെ ജേതാക്കൾ തമ്മിലുള്ള മത്സരം. കഴിഞ്ഞ ദിവസം യുവേഫയും കോൺമബോളും നടത്തിയ ചർച്ചക്കൊടുവിലാണ്​ തീരുമാനം. മത്സരവേദി ഇതുവരെ തീരുമാനിച്ചിട്ടില്ല.

അന്തരിച്ച ഇതിഹാസ താരം ഡീഗോ മറഡോണയോടുള്ള ആദര സൂചകമായി ഇറ്റാലിയൻ നഗരമായ നേപ്പിൾസിലാകും മത്സരം നടത്തുകയെന്ന്​ റി​പ്പോർട്ടുകളുണ്ട്​. മറഡോണ ഏഴുവർഷം കളിച്ച പ്രിയ ക്ലബായ നാപ്പോളിയുടെ മൈതാനത്താകും മത്സരം. എന്നാൽ ഇതിൽ ഔദ്യോഗിക സ്​ഥിരീകരണമായിട്ടില്ല.

മറക്കാന സ്​റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ബ്രസീലിനെ 1-0ത്തിന്​ പരാജയപ്പെടുത്തിയായിരുന്നു അർജന്‍റീന കോപ്പ അമേരിക്ക ജേതാക്കളായത്​. 28 വർഷങ്ങൾക്ക് ശേഷം അർജൻറീന നേടുന്ന ആദ്യ പ്രധാന അന്താരാഷ്​ട്ര കിരീടം കൂടിയായിരുന്നു ഇത്. വെംബ്ലിയിൽ വെച്ചു നടന്ന യൂറോ കപ്പ്​ കലാശപ്പോരാട്ടത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയായിരുന്നു ഇറ്റലിയുടെ കിരീടധാരണം.