ബ്രിട്ടീഷ് മൾട്ടിനാഷണൽ കോഫി ഹൗസ് കമ്പനി ആയ കോസ്റ്റ കോഫി 1971ലാണ് രൂപം കൊണ്ടത്. ബ്രിട്ടനിലെ തന്നെ മികച്ച കോഫി ഹൗസ് കമ്പനി ആയി അവർ വളരുകയും ചെയ്തു. എന്നാൽ കോസ്റ്റ കോഫി ഹൗസിലെ തൊഴിലാളികളുടെ അവസ്ഥ മോശമാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. 26 ജോലിക്കാരുമായി ബിബിസി സംസാരിക്കുകയുണ്ടായി. 29 കോഫി ഹൗസിൽ നിന്നും അനേകം പരാതികൾ ഉയർന്നു. മോശം തൊഴിലവസ്ഥ മാത്രമല്ല പ്രശ്നം, അസുഖത്തിനോ വാർഷിക അവധിയ്‌ക്കോ പണം നൽകാൻ മാനേജർമാർ വിസമ്മതിക്കുന്നു. ഒപ്പം പറഞ്ഞ സമയത്തേക്കാളേറെ ജോലി ചെയ്യേണ്ടതായും വരുന്നു എന്ന് തൊഴിലാളികൾ പറഞ്ഞു. ആരോപണങ്ങളുടെ ഗുരുതരമായ സ്വഭാവം കണക്കിലെടുത്ത് തൊഴിൽ കാര്യങ്ങളിൽ ഉൾപ്പടെ ഒരു സ്വതന്ത്ര ഓഡിറ്റിംഗ് ആരംഭിക്കുമെന്ന് എല്ലാ ഫ്രാഞ്ചൈസ് പങ്കാളികളെയും അറിയിച്ചിട്ടുണ്ടെന്ന് കോസ്റ്റ കോഫി വക്താവ് പറഞ്ഞു. കോസ്റ്റ സ്റ്റോറുകളിലെ ജീവനക്കാർക്ക് സ്വന്തം പരിശീലനത്തിനായി 200 പൗണ്ട് ഈടാക്കുന്നുവെന്ന് ബിബിസി റിപ്പോർട്ട്‌ ചെയ്തിരുന്നു. അതിനുശേഷമാണ് ഈ ആരോപണങ്ങൾ ഉയർന്നത്.

 

ഒരു മുൻ ജീവനക്കാരൻ തനിക്കുണ്ടായ അനുഭവം വിവരിക്കുകയുണ്ടായി. അവധിക്കാല ശമ്പളത്തിന്റെ 1000 പൗണ്ട് തന്റെ ശമ്പളത്തിൽ നിന്ന് കുറച്ചു. ഒപ്പം രാവിലെ 5:30ന് സ്റ്റോറിൽ എത്തണം. ഒരാഴ്ച 60 മണിക്കൂറുകൾ ജോലിക്കാർക്ക് പണിയെടുക്കേണ്ടതായും വരുന്നെന്ന് അദ്ദേഹം പറഞ്ഞു. അധിക സമയം ജോലി ചെയ്യേണ്ടി വരുന്നതിനാൽ സ്വന്തം മക്കളെ കാണാൻ കഴിയുന്നില്ലെന്നും ഇത് മാനസിക സമ്മർദത്തിലേക്ക് നയിക്കുന്നെന്നും തൊഴിലാളികൾ വ്യക്തമാക്കി. 20 മിനിറ്റ് ഇടവേളകളോടെ 13 മണിക്കൂർ ഷിഫ്റ്റിൽ പതിവായി ജോലി ചെയ്യേണ്ടി വരുന്നെന്ന് എമിലിയോ അലിയോയുടെ കീഴിൽ ജോലി ചെയ്യുന്ന 3 ബ്രിസ്റ്റൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിലെ ജീവനക്കാർ പറഞ്ഞു. എന്നാൽ ഉടമസ്ഥ ഈ വാദം നിഷേധിച്ചു. ആഴ്ചയിൽ 44 മണിക്കൂറിൽ കൂടുതൽ അവരെ ജോലി എടുപ്പിക്കില്ലെന്ന് അവർ പറഞ്ഞു. തൊഴിലാളികളെ മനുഷ്യരായി കാണുന്നില്ലെന്നും ഒരു സഹതാപവും ഇല്ലാതെയാണ് പെരുമാറുന്നതെന്നും എമിലിയോയുടെ സ്റ്റോറിൽ ഉള്ള മറ്റൊരു ജീവനക്കാരൻ പറഞ്ഞു. സ്റ്റോറിലെ ജോലികൾ മാത്രമല്ല പുറംപണിയും ചെയ്യേണ്ടിവന്നെന്ന് ഒരു ജോലിക്കാരൻ വെളിപ്പെടുത്തി. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഉടൻ തന്നെ പരിഹരിക്കുമെന്ന് തൊഴിലാളികളുടെ പ്രശ്നങ്ങൾ അറിഞ്ഞ ശേഷം കോസ്റ്റ സ്റ്റോർ മാനേജർ കഫീൽ ഖാൻ ഉറപ്പുനൽകി.