ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിലെ ഒരു സ്കൂളിൽ നടന്ന കത്തിക്കുത്ത് ആക്രമണവുമായി ബന്ധപ്പെട്ട് 14-കാരിക്കെതിരെ മൂന്ന് കൊലപാതകശ്രമക്കുറ്റങ്ങൾ ചുമത്തി. സ്കൂൾ പരിസരത്ത് കത്തി കൈവശം വച്ചതിനുള്ള രണ്ട് കുറ്റങ്ങളും ചുമത്തിയിട്ടുള്ള പെൺകുട്ടിയെ ഇന്ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച രാവിലെ വടക്കൻ മാഞ്ചസ്റ്ററിലെ കോ-ഓപ് അക്കാദമി സ്കൂളിലാണ് സംഭവം നടന്നത്.

ആക്രമണത്തിൽ 14 വയസ്സുള്ള ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും 27 വയസ്സുള്ള ഒരു സ്കൂൾ ജീവനക്കാരനും കുത്തേറ്റിരുന്നു . പരിക്കുകൾ ഗുരുതരമല്ലെന്നും ചികിത്സയ്ക്കുശേഷം മൂന്നുപേരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് സ്കൂളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും വിദ്യാർഥികളോട് ക്ലാസ് മുറികളിൽ തന്നെ തുടരാൻ നിർദേശിക്കുകയും ചെയ്തു.

സംഭവത്തിന്റെ അന്വേഷണം കൗണ്ടർ ടെററിസം പൊലീസ് നോർത്ത് വെസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ പ്രേരണയെക്കുറിച്ച് എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെങ്കിലും ഇത് ഭീകരാക്രമണമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം പുറത്തറിഞ്ഞതോടെ സ്കൂളിന് മുന്നിൽ രക്ഷിതാക്കളും നാട്ടുകാരും തടിച്ചുകൂടി. പല രക്ഷിതാക്കൾക്കും മക്കൾ അയച്ച സന്ദേശങ്ങളിലൂടെയും ഫോൺവിളികളിലൂടെയുമാണ് വിവരങ്ങൾ ലഭിച്ചത്.











Leave a Reply