ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലീഡ്സിൽ നടന്ന ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരുക്കു പറ്റിയ സംഭവം കടുത്ത ഞെട്ടലാണ് രാജ്യമൊട്ടാകെ സൃഷ്ടിച്ചത്. ആക്രമണം നടന്ന് അധികം താമസിയാതെ സംഭവത്തിന്റെ അന്വേഷണം തീവ്രവാദ വിരുദ്ധ പോലീസ് ഏറ്റെടുത്തത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സംഭവത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളെ കുറിച്ച് കൂടി പോലീസ് അന്വേഷണം ആരംഭിച്ചതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ആക്രമണത്തിൽ 19 ഉം 31 ഉം വയസ്സുള്ള രണ്ട് സ്ത്രീകൾക്കാണ് പരുക്ക് പറ്റിയത്. ഇതിൽ ഒരാൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. എന്നാൽ മറ്റൊരാൾ ഗുരുതരമായ പരുക്കുകളെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി . നിലവിൽ അപകട നില തരണം ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നഗരത്തിൻ്റെ വടക്കുഭാഗത്തുള്ള പ്രശസ്തമായ ഒട്ട്‌ലി റൺ പബ് ക്രോൾ റൂട്ടിൽ ആണ് രാജ്യത്തെ നടുക്കിയ ആക്രമണം അരങ്ങേറിയത്. സംഭവത്തെ തുടർന്ന് ആക്രമണം നടത്തിയ വ്യക്തി സ്വയം മുറിവേൽപ്പിച്ചിരുന്നു. 38 കാരനായ ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഒരു ക്രോസ്ബോയും ഒരു തോക്കും സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
ലീഡ്സിൽ നടന്ന സംഭവം അതീവ ഗൗരവമുള്ളതാണെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു . അക്രമ സംഭവം നടന്ന ഉടനെ അതിവേഗത്തിൽ ഇടപെട്ട പോലീസിനും അത്യാഹിത വിഭാഗത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ഇതുവരെ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു. ധാരാളം കാൽനടയാത്രക്കാരുള്ള പ്രത്യേകിച്ച് ശനിയാഴ്ചകളിൽ തിരക്കേറിയ സമയത്ത് നടന്ന സംഭവത്തെ ഭയാനകം എന്നാണ് ഹെഡിംഗ്‌ലി കൗൺസിലർ അബ്ദുൾ ഹന്നാൻ വിശേഷിപ്പിച്ചത്. ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക് ഷെയറിലെ ഒട്ടേറെ മലയാളികൾ തിങ്ങി പാർക്കുന്ന സ്ഥലമാണ് ലീഡ്സ്. ലീഡ്സ് ജനറൽ ഇൻഫർമറി (LGI) , സെൻ്റ് ജെയിംസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഉൾപ്പെടെ പത്തോളം ഹോസ്പിറ്റലുകൾ ആണ് ഇവിടെയുള്ളത്. അതുകൊണ്ട് ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന ഒട്ടേറെ മലയാളികളും ലീഡ്സിൽ ഉണ്ട്.
Leave a Reply