നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു പറയുന്ന മൊബൈല്‍ ഫോണ്‍ എവിടെയെന്നു ഹൈക്കോടതി. കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതി ഏറ്റവും നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ എവിടെയെന്നു പ്രോസിക്യൂഷനോടു ചോദിച്ചത്.

കോടതിയില്‍ നിന്നും അന്വേഷണ സംഘം ഏറ്റവുമധികം ഭയപ്പെട്ടിരുന്ന ചോദ്യവും ഇതായിരുന്നു. ഈ അവസ്ഥ തന്നെയാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. ഫോണ്‍ എവിടെ എന്നതാണ് അന്വേഷണസംഘം നേരിടുന്ന പ്രധാന ചോദ്യമെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഫോണ്‍ കിട്ടിയില്ലെങ്കിലും കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന സാക്ഷിമൊഴികള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. പത്താം പ്രതിയുടെ മൊഴിയില്‍ ദിലീപ് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നു പറയുന്നുണ്ട്. ഒന്നരക്കോടിയായിരുന്നു വാഗ്ദാനം. കേസ് വന്നാല്‍ പ്രതിഫലം മൂന്നുകോടിയാക്കാമെന്നും പറഞ്ഞിരുന്നതായി പത്താംപ്രതിയുടെ മൊഴിയില്‍ ഉണ്ട്. കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ കാവ്യ മാധവന്റെ ഡ്രൈവര്‍ ശ്രമിച്ചതായും പ്രോസിക്യൂഷന്‍ പറയുന്നു. ലക്ഷ്യയുടെ മനേജറായ സുധീറിനെ കാവ്യയുടെ ഡ്രൈവര്‍  40 തവണയോളം ഫോണില്‍ വിളിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.