കൊച്ചി: വൻ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ നിർണായക ഘട്ടം എത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ 8 ന് വിധി പറയും. 2017 ഫെബ്രുവരിയിൽ കൊച്ചിയിൽ സിനിമാ നടിയെ വാഹനം തടഞ്ഞ് ക്രൂരമായി ആക്രമിച്ചതാണ് കേസ്. പൾസർ സുനി ഒന്നാം പ്രതിയും, നടൻ ദിലീപ് എട്ടാം പ്രതിയുമാണ്. വിചാരണ സമയത്ത് 28 സാക്ഷികൾ കൂറുമാറിയതും കേസിനെ കൂടുതൽ സങ്കീർണമാക്കി.
സംഭവത്തിന് ശേഷം പ്രതികളെ പിടികൂടുന്നതുൾപ്പെടെ അന്വേഷണത്തിൽ നിരവധി വഴിത്തിരിവുകളാണ് ഉണ്ടായത്. ദിലീപിനെ ആദ്യഘട്ടത്തിൽ പ്രതിപട്ടികയിൽ ചേർത്തിരുന്നില്ലെങ്കിലും, കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ 2017 ജൂലൈയിൽ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും അന്വേഷണം, വിചാരണ എന്നിവ പലതവണ നീണ്ടു നിന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങളും കേസിൽ പുതിയ ചർച്ചകൾക്ക് ഇടയാക്കി.
അന്വേഷണ ഉദ്യോഗസ്ഥരുടെ മാറ്റം, പുതിയ മൊഴികൾ, തുടരന്വേഷണം എന്നിവ കാരണം വിചാരണ വർഷങ്ങളോളം നീണ്ടു. ഇപ്പോൾ കോടതിയുടെ അന്തിമ വിധി സംസ്ഥാനത്തെ മുഴുവൻ ആളുകളും ഉറ്റുനോക്കുകയാണ്. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പരിശോധിച്ച ശേഷമായിരിക്കും കോടതി അന്തിമതീരുമാനം അറിയിക്കുക.











Leave a Reply