ഇന്ത്യയുടെ തദ്ദേശ നിർമിത കോവിഡ്​ പ്രതിരോധ വാക്​സിനായ കോവാക്​സിൻ സ്വീകരിച്ചവർക്കും യു.കെയിൽ പ്രവേശനാനുമതി. നവംബർ 22 മുതലാണ്​ കോവാക്​സിൻ സ്വീകരിച്ചവർക്ക്​ പ്രവേശനാനുമതി നൽകുക. ക്വാറൻറീനില്ലാതെ അന്നുമുതൽ യു.കെയിൽ പ്രവേശിക്കാം.

ലോകാരോഗ്യ സംഘടന കോവാക്​സിന്​ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകിയതിന്​ പിന്നാലെയാണ്​ തീരുമാനം. ഭാരത്​ ബയോടെക്​ വികസിപ്പിച്ചെടുത്ത വാക്​സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്​സിനുകളുടെ പട്ടികയിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. കോവാക്​സിൻ സ്വീകരിച്ചവർക്ക്​ യു.കെയിൽ പ്രവേശനാനുമതി നൽകാനുള്ള തീരുമാനം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്​ ഗുണകരമാകും.

പൂർണമായും വാക്​സിൻ സ്വീകരിച്ച 18 വയസിന്​ മുകളിലുള്ളവർക്ക്​ യു​.കെയിൽ പ്രവേശിക്കുന്നതിനുള്ള അനുമതി ലഭിക്കുന്ന നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കുമെന്ന്​ ട്രാൻസ്​പോർട്ട്​ ഡിപ്പാർട്ട്​മെന്‍റും അറിയിച്ചു.

“യുകെയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സന്തോഷവാര്‍ത്ത. നവംബര്‍ 22 മുതല്‍ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ കോവാക്‌സിന്‍ ഉള്‍പ്പെടെയുള്ള കോവിഡ്-19 വാക്‌സിന്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്ക് സെല്‍ഫ് ഐസൊലേഷന്‍ ആവശ്യമായി വരില്ല. ഇതോടെ കോവിഷീല്‍ഡിനൊപ്പം, ഈ വാക്‌സിനും എത്തിച്ചേരും,“ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തു.

കോവാക്‌സിന് പുറമെ ചൈനയുടെ സിനോവാക്, സിനോഫാം എന്നിവയ്ക്കും ഡബ്യുഎച്ച്ഒ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ യുകെ ഗവണ്‍മെന്റ് അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തി. 18 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള യാത്രാ നിയമങ്ങളും യുകെ ഗവണ്‍മെന്റ് സുതാര്യമാക്കി. ഇവരെ അതിര്‍ത്തികളില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവരായി പരിഗണിക്കും.

രാജ്യത്ത് പ്രവേശിക്കുമ്പോള്‍ സെല്‍ഫ് ഐസൊലേഷനും, 8-ാം ദിന ടെസ്റ്റിംഗും, യാത്ര പുറപ്പെടുന്നതിന് മുന്‍പുള്ള ടെസ്റ്റും വേണ്ടിവരില്ല. എത്തിച്ചേരുന്ന ശേഷം ഒരു ടെസ്റ്റും, പോസിറ്റീവായാല്‍ സ്ഥിരീകരിക്കാന്‍ സൗജന്യ പിസിആര്‍ ടെസ്റ്റുമാണ് വേണ്ടിവരിക. യുഎസില്‍ കോവാക്‌സിന്‍ ഉപയോഗിച്ച് പ്രതിരോധശേഷി നേടിയവര്‍ക്ക് രാജ്യത്ത് പ്രവേശനത്തിന് നവംബര്‍ 8 മുതല്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയപ്പോള്‍ വാക്സിനുകളുടെ അംഗീകരവും കോവിഡ് യാത്രാ നിയന്ത്രണങ്ങളും ആരോഗ്യ മേഖലയും ചര്‍ച്ചയിൽ ഉയർന്നു വന്നിരുന്നു. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി സൂചന നൽകുകയും ചെയ്തു.