കവൻട്രി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷമായ “ആഘോഷരാവ്” ജാനുവരി എട്ടിന് വൈകുന്നേരം നാലുമണി മുതൽ ഏഴുമണി വരെ വെർച്വൽ ആയി ആഘോഷിച്ചു. സികെസി യുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ്‌ ആഘോഷരാവിന്റെ ആഘോഷം എല്ലാ പ്രേക്ഷകരിലേക്കും എത്തിച്ചത്. നേരിൽക്കണ്ട് കൂടിച്ചേർന്ന് നടത്തേണ്ടിയിരുന്ന ആഘോഷമാണ് കോവിഡ് ഒമിക്രോണിൻറെ രൂക്ഷമായ വ്യാപനം മൂലം എല്ലാവരുടെയും സുരക്ഷയെ മാനിച്ച് വെർച്വൽ ആയി മാറ്റേണ്ടി വന്നത്. മുൻ തയ്യാറാക്കി റെക്കോർഡ് ചെയ്ത കലാപരിപാടികൾ തത്സമയ അവതരണത്തോടു സമന്വയിപ്പിച്ചാണ് ഫേസ്ബുക്ക് ലൈവിലൂടെ അതി ഗംഭീരമായി പ്രേക്ഷകരിലേക്ക് എത്തിച്ചത്. ടെക്നോളജിയുടെ സഹായത്തോടെ ഒരു അവാർഡ്നൈറ്റിനെ വെല്ലുന്ന രീതിയിലാണ് ആഘോഷരാവ് കൊണ്ടാടിയത്. ഹരീഷ് പാലായുടെ എഡിറ്റിംഗും, രേവതി നായരുടെയും, ബ്ളെസ്സന്റ് ജോർജിന്റെയും അവതരണവും കൂടി ചേർന്നപ്പോൾ യുകെയിൽ തന്നെ അല്ല ലോകത്താദ്യമായി ആണ് ഇങ്ങനെ ഒരു പരുപാടി വെർച്ച്വൽ ആയി കണ്ടതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

നെറ്റിവിറ്റി ഷോ, കരോൾ ഗാനങ്ങൾ, നൃത്ത വിസ്മയങ്ങൾ, ഗാനലാപനങ്ങൾ എന്നിവകൊണ്ട് സമൃദ്ധമായിരുന്നു കലാപരിപാടി. ഈ പരിപാടികൾക്ക് മേമ്പൊടി ആയി അവതാരകർ ചോദ്യോത്തര(Quiz) വേളകളും, ഡെഡിക്കേഷൻ മെസേജിനും ഉള്ള അവസരങ്ങൾ ഒരുക്കി. ഈ ആഘോഷത്തിൽ ഏറ്റവും ശ്രദ്ധേയമായതും ഫേസ്ബുക്ക് ലൈവിൽ അധികം പരീക്ഷിക്കാത്തതുമായ ഒരു കാര്യം ലൈവിൻ ഫോണിൻ പരിപാടി ആയിരുന്നു.

പ്രേക്ഷകർ സ്റ്റുഡിയോയിലോട്ടു അവതാരകരെ ഫോൺ വിളിച്ച് തങ്ങളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നതായിരുന്നു അതിന്റെ പ്രത്യേകത. ഈ പരിപാടി വളരെ ഉത്സാഹവും ഉല്ലാസവും നിറഞ്ഞ വേളകൾ നിർമ്മിച്ചു. ഈ വക കാരണങ്ങൾക്കൊണ്ടാവണം ഫേസ്ബുക്ക് ലൈവിന്റെ ആദ്യാവസാനം പ്രേക്ഷകർ ഒട്ടും കൊഴിഞ്ഞുപോകാതെ ആകാംക്ഷയോടെ പരിപാടികൾ ആസ്വദിച്ചത്.

സികെസി പ്രസിഡൻറ് ശ്രീ ഷിൻസൺ മാത്യു ഉത്ഘാടന പ്രസംഗവും, കവൻട്രി സീറോ മലബാർ പ്രീസ്റ്റ് ഇൻചാർജ് ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ ക്രിസ്തുമസ്സ് മെസേജും, യുക്മാ പ്രസിന്ധന്റ് ശ്രീ മനോജ് പിള്ള ആശംസകളും നേർന്നു.

നാലുമണിക്ക് പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടി ഏഴുമണിയോടെ നറുക്കെടുപ്പും നന്ദി പ്രകടനത്തോടും അവസാനിച്ചു.