സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്സിൻ കണ്ടെത്തുന്നതിനായി ലോകത്താകെ 100ഓളം ഗവേഷക സംഘങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രാഥമിക ഗവേഷണം മുതൽ രോഗികളിൽ പ്രയോഗിച്ചുളള പരീക്ഷണം വരെ വിവിധ ഘട്ടങ്ങളിലാണ് വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ. ലോകം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ഒരു വാക്സിൻ അത്യാവശ്യമാണെന്നിരിക്കെ എന്തുകൊണ്ടാണ് അത് വികസിപ്പിച്ചെടുക്കാൻ സാധിക്കാത്തത്? കാരണം ഒരു വാക്സിൻ ഉണ്ടാക്കിയെടുത്ത് അത് ഫലപ്രദമാണെന്ന് ഉറപ്പാക്കുന്നതിന് ഏകദേശം മൂന്നോ നാലോ വർഷങ്ങൾ ആവശ്യമുണ്ട്. പരീക്ഷണങ്ങൾ ആരംഭിച്ച ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഇപ്പോൾ ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തിനായി 10,000 വോളന്റിയർമാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. “ഞങ്ങൾക്ക് ഒരു വാക്സിൻ ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല.” എന്നാണ് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ വാൻ-ടാം പറഞ്ഞത്. വാക്സിനുകൾ തത്വത്തിൽ ലളിതവും പ്രായോഗികമായി സങ്കീർണ്ണവുമാണ്. അനുയോജ്യമായ വാക്സിൻ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു, അതിന്റെ വ്യാപനം തടയുന്നു. അങ്ങനെ സുരക്ഷിതമാക്കുന്നു. എന്നാൽ ഇവയൊന്നും എളുപ്പത്തിൽ നേടിയെടുക്കാൻ ആവില്ല.
എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവി എന്ന വൈറസിനെ ശാസ്ത്രജ്ഞർ വേർതിരിച്ച് 30 വർഷത്തിലേറെ ആയെങ്കിലും ഇപ്പോഴും നമുക്ക് വാക്സിൻ ഇല്ല. 1943 ലാണ് ഡെങ്കിപ്പനി വൈറസ് തിരിച്ചറിഞ്ഞത്. എന്നാൽ ആദ്യത്തെ വാക്സിൻ കഴിഞ്ഞ വർഷമാണ് അംഗീകരിച്ചത്. ഇതുവരെ വികസിപ്പിച്ചെടുത്ത ഏറ്റവും വേഗതയേറിയ വാക്സിൻ മംപ്സ് ആയിരുന്നു. ഇതിന് നാല് വർഷമെടുത്തു. സുഖം പ്രാപിച്ച കോവിഡ് -19 രോഗികളിൽ നിന്നുള്ള രക്തം ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ വിശകലനം ചെയ്തപ്പോൾ, രോഗപ്രതിരോധ ശേഷിക്ക് കാരണമായ ഐ ജി ജി ആന്റിബോഡികളുടെ അളവ് അണുബാധയുടെ ആദ്യ മാസത്തിൽ കുത്തനെ ഉയർന്നുവെങ്കിലും പിന്നീട് കുറഞ്ഞു. വൈറസിന്റെ ജനിതക സ്ഥിരതയും പ്രധാനമാണ്. ഇൻഫ്ലുവൻസ പോലുള്ള ചില വൈറസുകൾ വളരെ വേഗത്തിൽ പരിവർത്തനം ചെയ്യുന്നു. അതിനാൽ വാക്സിൻ നിർമിക്കുന്നവർ ഓരോ വർഷവും പുതിയ ഫോർമുലേഷനുകൾ പുറത്തിറക്കേണ്ടതുണ്ട്. സാർസ് കോവ് 2 ഉം സ്ഥിരതയുള്ളതാണെന്ന് കരുതുന്നു. വാക്സിൻ നിർമാണത്തിൽ ഏറ്റവും വലിയ വെല്ലുവിളി സുരക്ഷയാണ്. മനുഷ്യനിൽ പരീക്ഷിച്ചു കഴിഞ്ഞ് അപകടകരമായ പാർശ്വഫലങ്ങളുടെ ലക്ഷണങ്ങൾക്കായി ശാസ്ത്രജ്ഞർ വളരെ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതുണ്ട്. ഓരോ വാക്സിനും ഉയർത്തുന്ന പ്രത്യേക വെല്ലുവിളികൾ മനസിലാക്കാൻ സമയമെടുക്കുമെന്ന് ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ വേൾഡ് വൈഡ് ഇൻഫ്ലുവൻസ സെന്റർ ഡയറക്ടർ ജോൺ മക്കൗലി പറയുന്നു.
നമ്മൾ നിർമിച്ചെടുക്കുന്ന കൊറോണ വൈറസ് വാക്സിൻ 100% ഫലപ്രദമാകില്ലെന്ന് പലരും പറയുന്നുണ്ട്. ഒരു വാക്സിൻ, വൈറസിനെ തുടച്ചുനീക്കാൻ സ്ഥിരവും ഉയർന്നതുമായ ആന്റിബോഡികൾ സൃഷ്ടിക്കുകയും രോഗബാധയുള്ള കോശങ്ങളെ നശിപ്പിക്കുന്നതിന് “ടി” സെല്ലുകൾ സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ ഓരോ വാക്സിനുകളും വ്യത്യസ്തമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു വാക്സിൻ കുരങ്ങുകളിൽ വൈറസ് ബാധിക്കുന്നത് തടഞ്ഞില്ല. പക്ഷേ കൊറോണ വൈറസ് രോഗികളിൽ മരണകാരണമായ ന്യൂമോണിയയെ തടയുന്നതായി കാണപ്പെട്ടു. വൈറസിന്റെ ദുർബലമായ വാക്സിനുകൾ പ്രായമായവർക്ക് അപകടകരമാണ്, പക്ഷേ അണുബാധയുടെ വ്യാപനം കുറയ്ക്കുന്നതിന് ഇത് രോഗപ്രതിരോധശേഷിയുള്ള ചെറുപ്പക്കാർക്ക് നൽകാം. യാഥാർഥ്യത്തിൽ വൈറസ് സമൂഹത്തിൽ ഇനി നിലനിന്നുവരും എന്ന് ചുരുക്കം. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു വാക്സിൻ ഉപയോഗിച്ച് വൈറസിനെ കീഴടക്കാൻ ഇപ്പോഴും കഠിനമായിരിക്കും. വസൂരിയെ ഒഴിവാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് കൊറോണയെ തടയാനെന്ന് പാൻഡെഫെൻസ് അഡ്വൈസറിയുടെ സിഇഒ ലാറി ബ്രില്യന്റ് പറയുന്നു.
തുടർന്നുള്ള നാളുകളിൽ നാം വൈറസിനൊപ്പം പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരും. കൈകഴുകൽ, ശാരീരിക അകലം പാലിക്കൽ, ഒത്തുചേരലുകൾ ഒഴിവാക്കുക എന്നിവയിലൂടെ ആളുകൾക്ക് വൈറസ് വ്യാപനത്തെ ഒരു പരിധി വരെ തടയാം. ഒപ്പം മാസ്ക് സാധരണജീവിതത്തിന്റെ ഭാഗമായി മാറണം. ജോലി സ്ഥലത്തേക്കോ മറ്റോ യാത്ര ചെയ്യുവാൻ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. വാക്സിൻ ലഭ്യമാകുന്നതിന് മുമ്പ് പ്രവർത്തിക്കുന്ന ഒരു ആന്റിവൈറൽ അല്ലെങ്കിൽ ആന്റിബോഡി ചികിത്സ ഉണ്ടായിരിക്കും. രോഗലക്ഷണങ്ങൾ വരുമ്പോൾ ഉടനടി ചികിത്സിക്കുന്നതാണ് ഉത്തമം. ലോകം മുമ്പോട്ട് പോയെ പറ്റൂ. അതിപ്പോൾ കൊറോണയുടെ കൂടെ ആണെങ്കിൽ അങ്ങനെ. പക്ഷേ നാമെല്ലാവരും കൂടുതൽ ശ്രദ്ധാലുക്കളായി മാറണം എന്നുമാത്രം.
Leave a Reply