ലണ്ടൻ : യുകെയിലെ സ്കൂളുകളിൽ കോവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് രോഗബാധിതരായി കഴിയുന്നത്. സ്‌കൂളുകളില്‍ നിന്നും പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ കോവിഡ് ബാധിതരായി മാറിത്തുടങ്ങിയതോടെ വീടുകളിലും രോഗം പടരുന്ന സാഹചര്യമായി. കുട്ടികളെ ശുശ്രൂഷിക്കുന്ന മാതാപിതാക്കള്‍ പിസിആര്‍ ടെസ്റ്റില്‍ പോസിറ്റീവായി മാറുകയാണ്. ഇതോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും വർദ്ധനയുണ്ടായി. ബൂസ്റ്റർ ഡോസിനും രോഗത്തെ പിടിച്ചുനിർത്താൻ കഴിയില്ലെന്ന് മനസിലായതോടെ ക്രിസ്മസ് നാളുകൾ കൂടുതൽ ആശങ്കയിലേക്ക് നീങ്ങുകയാണ്.

സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ച സാഹചര്യത്തില്‍ ഇപ്പോൾ കൊച്ചു കുട്ടികളാണ് രോഗബാധിതരാകുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാതെ അധ്യാപകർക്കും വിദ്യാര്‍ത്ഥികൾക്കും കോവിഡ് പിടിപെടുന്നു. രോഗികളെ കണ്ടെത്തുന്നതിലുള്ള പ്രധാന വെല്ലുവിളിയും ഇതുതന്നെ. വീടുകളില്‍ കോവിഡ് രോഗി ഉണ്ടെങ്കില്‍ പോലും മറ്റു അംഗങ്ങള്‍ക്ക് ജോലിക്കും സ്‌കൂളിലും പോകാം എന്ന നയം കേസുകൾ ഉയരാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. യുകെയിൽ ഇന്നലെ 44000 ലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 61 കോവിഡ് മരണങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

ശൈത്യകാലമായതോടെ കോവിഡ് രോഗികള്‍ക്ക് പനിയും ന്യുമോണിയയും പിടിപെടാൻ ഉയർന്ന സാധ്യതയുണ്ട്. ക്രിസ്മസ് നാളുകളിൽ ആശുപത്രികള്‍ വീണ്ടും നിറഞ്ഞു തുടങ്ങും എന്ന ആശങ്കയും ശക്തമാണ്. കോവിഡ് ആഗോള കണക്കുകൾ വർധിക്കുന്നുവെന്ന് ഈ മാസം ആദ്യം ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്ത് എല്ലായിടത്തും കോവിഡ് വൈറസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ വൈറസിന് ജനിതകമാറ്റം സംഭവിച്ച് ആഗോള വ്യാപകമാവുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗബ്രിയേസസ് വ്യക്തമാക്കി. സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങൾ ഇപ്പോഴും കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന് അതീവ സാധ്യതയുള്ള പട്ടികയിലാണുള്ളത്. നിലവിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെ പോലും അത് ബാധിച്ചേക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ്, ഉക്രൈൻ, തുർക്കി, ജർമനി, ബ്രസീൽ എന്നീ രാജ്യങ്ങളിലും പുതിയ കോവിഡ് തരംഗങ്ങൾ രൂക്ഷമാവുകയാണെന്നാണ് റിപ്പോർട്ടുകൾ.