ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് സംബന്ധിച്ച എല്ലാ യാത്രാ നിയന്ത്രണങ്ങളും ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുകെ. ഇനിമുതൽ വാക്സിൻ ലഭിക്കാത്തവരും രാജ്യത്ത് എത്തുമ്പോൾ കോവിഡ് ടെസ്റ്റിനു വിധേയരാകേണ്ട എന്നതാണ് ഏറ്റവും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നത്. വാക്സിൻ എടുത്തവർക്ക് നിലവിൽ തന്നെ ടെസ്റ്റുകൾ നടത്തേണ്ട ആവശ്യമില്ല എന്ന രീതിയിലാണ് നിയമം. കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രണ്ട് വർഷത്തിനു ശേഷമാണ് ഇപ്പോൾ എല്ലാ തരത്തിലുള്ള യാത്ര ഇളവുകളും അനുവദിച്ചിരിക്കുന്നത്. എല്ലാ തരത്തിലുള്ള നിയന്ത്രണങ്ങളും ഒഴിവാക്കിയതായി യു കെ ഏവിയേഷൻ മന്ത്രി റോബർട്ട്‌ കോർട്സ് വ്യക്തമാക്കി. ഈസ്റ്റർ അവധിക്കു മുൻപായി മനപ്പൂർവമായി തന്നെയാണ് ഇത്തരം ഇളവുകൾ അനുവദിച്ചത് എന്നാണ് ഗവൺമെന്റ് വ്യക്തമാക്കുന്നത്. ഇളവുകൾ അനുവദിച്ചെങ്കിലും ഭാവിയിൽ ഏതുതരത്തിലുള്ള പ്രതിസന്ധിയും നേരിടുവാൻ ഗവൺമെന്റ് സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മാസങ്ങളിലായി യാത്രാ ബുക്കിങ്ങുകൾ ക്രമാതീതമായി വർധിച്ചിട്ടുണ്ടെന്ന് പ്രമുഖ ടൂറിസം കമ്പനിയായ ക്യുയോനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡെറെക് ജോൺസ് വ്യക്തമാക്കി. പുതിയ മാറ്റങ്ങൾ വരുന്നതോടെ കോവിഡ് കാലത്തിനു മുൻപ് ഉള്ള രീതിയിൽ തന്നെ യുകെയിൽ നിന്നും ആളുകൾക്ക് മറ്റുള്ള രാജ്യങ്ങളിലേക്ക് ഇഷ്ടാനുസരണം യാത്ര ചെയ്യാനാകും. ഇതോടൊപ്പം തന്നെ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും ആളുകൾക്ക് ബ്രിട്ടനിലേക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവേശിക്കാനും സാധിക്കും. എന്നാൽ യുകെയിൽ നിന്ന് പോകുന്ന യാത്രക്കാർ മറ്റു രാജ്യങ്ങളിലെ നിയമങ്ങൾ കൃത്യമായി അറിഞ്ഞിരിക്കേണ്ടതണെന്ന് അധികൃതർ നിർദേശിക്കുന്നുണ്ട്.


കോവിഡിന്റെ പിടിയിൽ നിന്നും സാധാരണ ജീവിതത്തിലേക്കുള്ള ഒരു വലിയ ചുവടുമാറ്റം ആയാണ് ജനങ്ങൾ ഗവൺമെന്റിന്റെ ഈ തീരുമാനത്തിനെ വിലയിരുത്തുന്നത്. മുൻപ് റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമായിരുന്നു. ഇതോടൊപ്പം തന്നെ യുകെയിലെത്തിയ ശേഷം ടെസ്റ്റിനു വിധേയരാകണം എന്നുള്ളതും നിയമങ്ങളിൽ ഉൾപ്പെട്ടിരുന്നു. പുതിയ മാറ്റങ്ങൾ കൂടുതൽ യാത്രക്കാരെ സൃഷ്ടിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ.