ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോവിഡ് ലോകമൊക്കെ കീഴടക്കിയപ്പോൾ ആരോഗ്യരംഗത്തെ ഏറ്റവും സുപ്രധാനമായ നാഴികക്കല്ലായിരുന്നു വാക്സിനുകളുടെ വികസനവും ഫലപ്രദമായ വിതരണവും നടപ്പിലാക്കിയത്. ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും ശക്തമായ അടിത്തറയിൽ ചുരുങ്ങിയ സമയം കൊണ്ട് വിവിധ ലോകരാജ്യങ്ങൾ ഒട്ടേറെ വാക്സിനുകളാണ് വികസിപ്പിച്ചെടുത്തത്. കോവിഡ് വ്യാപനവും തുടർന്നുള്ള ലോക്ക് ഡൗണുകളും ലോകമെങ്ങും ആരോഗ്യപരിപാലന മേഖലയിലും സാമ്പത്തിക രംഗത്തും കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഇതിനെയെല്ലാം ഫലപ്രദമായി നേരിടാൻ സാധിച്ചത് വാക്സിനുകൾ വികസിപ്പിക്കുകയും അത് ജനങ്ങളിൽ എത്തിക്കുകയും ചെയ്യാൻ സാധിച്ചതു മൂലമാണ്. എന്നിരുന്നാലും കോവിഡ് വാക്സിനുകൾക്ക് ഒട്ടേറെ പാർശ്വഫലങ്ങൾ ഉണ്ടെന്ന വാദം പല കോണുകളിൽ നിന്നും ഉയർന്നു വന്നിരുന്നു.
എന്നാൽ എല്ലാ വിമർശനങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് വൈറസ് വാക്സിനുകളെ കുറിച്ച് ഗുണകരമായ വാർത്ത പുറത്തുവന്നിരിക്കുകയാണ്.. കോവിഡ് വാക്സിനുകൾ വൈറസുമായി ബന്ധപ്പെട്ട ഹൃദയസ്തംഭനത്തിനും രക്തം കട്ടപിടിക്കുന്നതിനുമുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. യുകെ, സ്പെയിൻ എന്നിവിടങ്ങളിലെ 20 ദശലക്ഷത്തിലധികം വരുന്ന ആളുകളുടെ വിവരങ്ങൾ വിശകലനം ചെയ്താണ് സുപ്രധാന കണ്ടെത്തൽ നടത്തിയത്. ഓക്സ്ഫോർഡ്, അസ്ട്രാ സെനക്ക , ഫൈസർ മോഡേണ എന്നിവ ഉൾപ്പെടെയുള്ള വാക്സിനുകൾ രക്തം കട്ടപിടിക്കുന്നതു പോലുള്ള ശാരീരിക അവസ്ഥകളെ ഫലപ്രദമായി പ്രതിരോധിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത് .
പുതിയ കണ്ടെത്തൽ വാക്സിനുകൾക്കെതിരെ നടന്നുവന്നിരുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യ മേഖലയിലുള്ളവരെ സഹായിക്കും. ഈ വലിയ പഠനം തെളിയിക്കുന്നത് വാക്സിനുകൾ എടുക്കുന്നവർക്ക് കോവിഡിന് ശേഷമുള്ള പല സങ്കീർണതകളും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ പ്രൊഫസർ ആയ ഡാനിയേൽ പ്രീറ്റോ ആൽഹംബ്ര പറഞ്ഞു.
Leave a Reply