കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്തുവിട്ട കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിയെ വഞ്ചിക്കുകയും പാർട്ടി ശത്രുക്കളുടെ ആയുധമായി മാറുകയും ചെയ്തുവെന്നാരോപിച്ചാണ് നടപടി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്ന നിലപാടാണ് കുഞ്ഞികൃഷ്ണൻ സ്വീകരിച്ചതെന്ന് ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
2022 ഏപ്രിലിൽ തന്നെ ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത വിഷയങ്ങളാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ഉയർത്തിക്കാട്ടിയതെന്ന് രാഗേഷ് പറഞ്ഞു. ടിഐ മധുസൂദനനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും, അദ്ദേഹം പയ്യന്നൂരിലെ സഹകരണ സ്ഥാപനത്തിന്റെ ഭാരവാഹിയല്ലായിരുന്നിട്ടും ഭൂമി ഇടപാടുമായി ബന്ധപ്പെടുത്തി ലക്ഷ്യമിട്ടതായും ആരോപിച്ചു. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ മധുസൂദനനെ മനഃപൂർവം താറടിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അത് കുഞ്ഞികൃഷ്ണൻ അംഗീകരിച്ചതാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
വാർത്ത ചോർച്ചയുമായി ബന്ധപ്പെട്ട് പാർട്ടിക്ക് കൃത്യമായ തെളിവുകളുണ്ടെന്നും കുറ്റസമ്മതം കുഞ്ഞികൃഷ്ണന്റെ വാക്കുകളിൽ തന്നെ ഉണ്ടായിരുന്നുവെന്നും രാഗേഷ് വ്യക്തമാക്കി. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് ചില രസീത് ബുക്കുകളിൽ അക്ഷരപ്പിശകുകളും ചില ബുക്കുകൾ നഷ്ടപ്പെട്ടതുമുണ്ടായതായി അംഗീകരിച്ച അദ്ദേഹം, ഇതുമൂലം പാർട്ടിക്ക് സാമ്പത്തിക നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞു. കുടുംബ സഹായം, വീട് നിർമാണം, നിയമകാര്യങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയ്ക്കായാണ് ഫണ്ട് രൂപീകരിച്ചതെന്നും, വരവ്–ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതിൽ ഉണ്ടായ താമസത്തെ തുടർന്ന് 2022ൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.











Leave a Reply