മെല്‍ബണ്‍: മാധ്യമപ്രവര്‍ത്തകയോടു അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മാപ്പ് പറഞ്ഞു. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ട്വന്റി-20 ടൂര്‍ണമെന്റായ ബിഗ് ബാഷ് ലീഗിനിടെ മാധ്യമപ്രവര്‍ത്തകയെ മദ്യപിക്കാന്‍ ക്ഷണിച്ച് നടത്തിയ തമാശ പ്രകടനത്തെ വിമര്‍ശിച്ച് ലീഗ് തലവന്‍ അന്റണി എവറാര്‍ഡ് അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെയാണ് ഗെയ്ല്‍ പരസ്യ ക്ഷമാപണം നടത്തിയത്. ഗെയ്‌ലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തിന്റെ പേരില്‍ ഗെയ്‌ലിനെതിരെ അധികൃതര്‍ 10,000 ഡോളര്‍ പിഴ ചുമത്തി.
ബിഗ് ബാഷ് ലീഗില്‍ ഹെബാര്‍ട്ട് ഹറികേയ്ന്‍സിനെതിരയുള്ള മത്സരത്തിനിടെയാണ് സംഭവം. മെല്‍ബണ്‍ റെനെഗഡ്‌സ് താരമായ ഗെയ്ല്‍ ഔട്ട് ആയി പവലിയനിലെത്തിയപ്പോള്‍ ഇന്റര്‍വ്യൂവിനായി സമീപിച്ച ചാനല്‍ റിപ്പോര്‍ട്ടറായ മെല്‍ മക്ലാഫ്‌ലിനോടാണ് അപമര്യാദയായി പെരുമാറിയത്. മത്സരത്തില്‍ ഗെയ്ല്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗിനെ പറ്റി ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയാണ് വിവാദമായത്. മെല്ലിനെ കണ്ണുകളുടെ ഭംഗിയെ പുകഴ്ത്തി സംസാരിച്ച ഗെയ്ല്‍, ഈ മത്സരം ജയിച്ചശേഷം ഒരുമിച്ച് മദ്യപിക്കാമെന്നും പറഞ്ഞു. സംസാരത്തിനിടെ മെല്‍ വിഷയം മാറ്റാന്‍ ശ്രമിച്ചെങ്കിലും ഗെയ്ല്‍ പഴയപടി സംസാരം തുടര്‍ന്നു. ഇതോടെ ഗെയ്‌ലിനോട് നന്ദി പറഞ്ഞ് മെല്‍ മടങ്ങുകയായിരുന്നു.