കേശവദാസപുരത്തെ മനോരമ (68) കൊലക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമത്തിനിടെ വയോധിക ഒച്ചവച്ചപ്പോൾ പ്രതിയായ ആദം അലി പാക്ക് മുറിക്കുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന.

വീടിനുള്ളിൽ കയറിയ ആദം മനോരമയെ പിന്നിൽ നിന്ന് കടന്നുപിടിച്ചു. ഈ സമയം മനോരമ പാക്ക് മുറിക്കുകയായിരുന്നു. യുവാവ് കടന്നുപിടിച്ചതോടെ നിലവിളിച്ചു. തുടർന്ന് പ്രതി വായ പൊത്തിപ്പിടിച്ച്, പാക്ക് മുറിക്കുകയായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് മനോരമ കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ കിണറ്റിൽ കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ കഴിഞ്ഞ ദിവസം ചെന്നൈ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. വീട്ടമ്മയുടെ ഏഴ് പവനോളം ആഭരണങ്ങളും പ്രതി കവർന്നിരുന്നു. ഇത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.