ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിലെ ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി ലൈസൻസ് നേടാൻ തയ്യാറായി ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ച് ആയ ബിനാൻസ്. എക്‌സ്‌ചേഞ്ചിന്റെ സിഇഒ ചാങ്‌പെങ് ഷാവോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രജിസ്ട്രേഷൻ ഇല്ലാതെ ബിനാൻസ് ക്രിപ്റ്റോ എക്സ്ചേഞ്ച് സേവനങ്ങൾ നടത്തിയത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ലൈസൻസിനായി ബിനാൻസ് വീണ്ടും ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റിയിൽ (എഫ്‌സി‌എ) അപേക്ഷിക്കുമെന്ന് ഷാവോ വ്യക്തമാക്കി. ബ്രിട്ടീഷ് റെഗുലേറ്ററുമായുള്ള തന്റെ എക്സ്ചേഞ്ചിന്റെ ബന്ധം മെച്ചപ്പെട്ടതായി വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിനാൻസ് ഗ്രൂപ്പിലെ സ്ഥാപനങ്ങൾക്ക് യുകെയിൽ നിയന്ത്രിത പ്രവർത്തനങ്ങൾ നടത്താൻ അംഗീകാരമോ രജിസ്‌ട്രേഷനോ ലൈസൻസോ ഇല്ലെന്ന് ഓഗസ്റ്റിൽ എഫ്‌സി‌എ പറഞ്ഞു. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസിനായി കമ്പനി അപേക്ഷിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. എഫ്‌സി‌എയുടെ മുന്നറിയിപ്പിനെത്തുടർന്ന്, ബാർക്ലേയ്‌സ്, എച്ച്എസ്ബിസി, നാറ്റ്‌വെസ്റ്റ്, സാന്റാൻഡർ എന്നിവയുൾപ്പെടെ യുകെയിലെ നിരവധി പ്രമുഖ ബാങ്കുകൾ ബിനാൻസിലേക്കുള്ള പേയ്‌മെന്റ് നിയന്ത്രിക്കാൻ തുടങ്ങി.

എഫ്‌സി‌എയെ കൂടാതെ, യു‌എസ്, ദക്ഷിണാഫ്രിക്ക, സിംഗപ്പൂർ, ഓസ്‌ട്രേലിയ, നോർ‌വേ, നെതർ‌ലൻഡ്‌സ്, ഹോങ്കോംഗ്, ജർമ്മനി, ഇറ്റലി, ഇന്ത്യ, മലേഷ്യ, ലിത്വാനിയ എന്നിവിടങ്ങളിലെ റെഗുലേറ്റർമാരും ബിനാൻസിനെപറ്റിയുള്ള ആശങ്ക പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ യുകെ ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും യഥാർത്ഥ ഓഫീസുകൾ, നിയമപരമായ സ്ഥാപനങ്ങൾ, ബോർഡ് തുടങ്ങിയവ സ്ഥാപിക്കുന്ന പ്രക്രിയയിലാണ് ബിനാൻസ്.