കൊച്ചി: ചാലക്കുടിയിലെ ഡി സിനിമാസ് കയ്യേറ്റഭൂമിയിലല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം. തൃശൂര്‍ ജില്ലാ കളക്ടറാണ് ദിലീപിന് നിര്‍ദേശം നല്‍കിയത്. സെപ്റ്റംബര്‍ 14ന് മുമ്പായി രേഖകള്‍ സമര്‍പ്പിക്കണം. സര്‍വേ സൂപ്രണ്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ ദിലീപ് ഭൂമി കയ്യേറിയിട്ടില്ലെന്നാണ് പറയുന്നത്. സര്‍ക്കാര്‍ ഭൂമിയോ പുറമ്പോക്ക ഭൂമിയോ ഡി സിനിമാസിനു വേണ്ടി കയ്യേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് അധികമായി കണ്ടെത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലാന്റ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നടക്കുന്ന തെളിവെടുപ്പിലാണ് ഈ നിര്‍ദേശം നല്‍കിയത്. ജില്ലാ കളക്ടര്‍ ഡോ.ഏ.കൗശിഗന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ്. ഭൂമിയുടെ അവകാശം സംബന്ധിച്ച വാദങ്ങള്‍ എഴുതി നല്‍കാന്‍ ഇരു കക്ഷികള്‍ക്കും കളക്ടര്‍ ആദ്യഘട്ടത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 14 വൈകീട്ട് 3 മണിക്കാണ് അന്തിമവാദം. എ.സി.സന്തോഷ് എന്നയാള്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് തെളിവെടുപ്പ്.

ഡി സിനിമാസിനു വേണ്ടി ഭൂമി കൈയേറിയെന്ന ആരോപണത്തെ തുടര്‍ന്നു റവന്യൂ, സര്‍വേ വിഭാഗങ്ങള്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പിന്നീട് ചാലക്കുടി നഗരസഭ തീയേറ്ററിനുള്ള പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ചെയ്തു. ഉയര്‍ന്ന ശേഷിയുള്ള ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നഗരസഭയുടെ നടപടി. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു.