അധോലോക നായകനും മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന് സഹോദരീപുത്രന്‍ അലി ഷാ പാര്‍ക്കറിന്റെ വെളിപ്പെടുത്തല്‍. 1986ഓടെ ദാവൂദ് ഇന്ത്യ വിട്ടിരുന്നുവെന്നും നിലവില്‍ പാകിസ്താനിലെ കറാച്ചിയിലാണുള്ളതെന്നും അലിഷാ ഇഡിയോട് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

തനിക്കും കുടുംബത്തിനും അദ്ദേഹവുമായി ഒരു അടുപ്പവുമില്ലെങ്കിലും ദാവൂദിന്റെ ഭാര്യ മെഹജാബിന്‍ ഈദും ദീപാവലിയുമടക്കമുള്ള ആഘോഷ ദിവസങ്ങളില്‍ തന്റെ ഭാര്യയെയും സഹോരിമാരെയും വിളിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യാറുണ്ടെന്ന് അലി ഷാ ഇഡിയെ അറിയിച്ചു. ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറിന്റെ മകനാണ് അലി ഷാ. ദാവൂദ് കറാച്ചിയിലേക്ക് കടന്ന സമയത്ത് ഇയാള്‍ ജനിച്ചിരുന്നില്ല.

ദാവൂദിനും കൂട്ടര്‍ക്കും എതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി ചോദ്യം ചെയ്യുന്നതിനിടെയാണ് അലിഷാ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇഡിയുടെ മറ്റൊരു സംഘം അലിഷായുടെ മറ്റൊരു ബന്ധു ഇഖ്ബാല്‍ കസ്‌കറിനെയും ചോദ്യം ചെയ്തിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഇയാള്‍ 2017മുതല്‍ ജയില്‍ശിക്ഷ അനുഭവിച്ചു വരികയാണ്.

നേരത്തേ ബില്‍ഡറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അലീഷയുടെ അമ്മ ഹസീന പാര്‍ക്കറിനെതിരെയും മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്.. സെറ്റില്‍മെന്‍ഡ് കമ്മീഷന്‍ ലഭിക്കാന്‍ ദാവൂദിന്റെ പേര് ഉപയോഗിച്ച് ഇവര്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് പതിവായിരുന്നു. 2014ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇവര്‍ അന്തരിക്കുന്നത്.