തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ സി.പി.എമ്മില്‍ പിണറായി വിജയനെതിരായ അതൃപ്തി പരസ്യ വിമര്‍ശനങ്ങളിലേക്ക് കടക്കുന്നു. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കി. മുഖ്യമന്ത്രിയാകാനാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയതെന്നും, തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷവും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നുമുള്ള പരാമര്‍ശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നതായാണ് വിവരം. പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയന് ഒഴിയണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയരുന്നത് എ.കെ.ജി സെന്ററിനെയും അസ്വസ്ഥമാക്കുന്നുണ്ട്.
പത്തുവര്‍ഷത്തെ ഭരണകാലത്ത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും താഴെത്തട്ടിലുള്ള നേതാക്കളില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അകന്നുപോയെന്ന വിമര്‍ശനവും യോഗത്തില്‍ ശക്തമായി ഉയര്‍ന്നു. ഭരണകൂടത്തിന്റെ ഗര്‍വവും പാര്‍ട്ടി അണികളോടുള്ള അവഗണനയുമാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്നെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പാര്‍ട്ടി പ്രതിസന്ധി നേരിട്ടപ്പോള്‍ നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്നും, വ്യക്തിപരമായ താത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്നുമുള്ള ആരോപണങ്ങളും ചര്‍ച്ചയായി.
പത്തനംതിട്ടയിലെ വിമര്‍ശനം ഒറ്റപ്പെട്ട പ്രതിഷേധമല്ലെന്നും മറ്റ് ജില്ലകളിലും സമാന വികാരം ശക്തമാകുകയാണെന്നുമാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന് മാറിനില്‍ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയില്‍ പുതിയ തലമുറയ്ക്ക് അവസരം നല്‍കേണ്ട സമയമാണിതെന്ന വിലയിരുത്തലും ശക്തമാണ്. പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക ഘട്ടമായാണ് നിലവിലെ സംഭവവികാസങ്ങളെ സി.പി.എം നേതൃത്വം വിലയിരുത്തുന്നത്.











Leave a Reply