കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ റിമാന്‍റില്‍ കഴിയുന്ന ദിലീപിന് ഹൈകോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോര്‍ട്ട് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം, രണ്ട് പേരുടെ ആള്‍ജാമ്യം നല്‍കണം, ഒരു ലക്ഷം രൂപ കെട്ടിവെക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. സാക്ഷികളെ സ്വാധീനിക്കരുത് എന്നും കോടതി ഉത്തരവിട്ടുട്ടുണ്ട്. അറസ്റ്റിലായി 85ാം ദിവസമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ദിലീപിന്‍റെ മൂന്നാം ജാമ്യഹര്‍ജിയിലാണ് ഹൈകോടതി ഇന്ന് വിധി പറഞ്ഞത്. കഴിഞ്ഞ മാസം 27 ന് ഹരജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

നേരത്തെ രണ്ട് തവണ ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രോസിക്യൂഷന്‍ ഇത്തവണ ജാമ്യഹര്‍ജിയെ എതിര്‍ത്തത്. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പൊലീസ് പിടിച്ചാല്‍ മൂന്ന് കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ക്വട്ടേഷനിലൂടെ ദിലീപിന് 65 കോടി രൂപയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ ലാലിന്‍റെ മൊഴി ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്റെ വാദങ്ങള്‍. മൊഴിപ്പകര്‍പ്പ് പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു.

പ്രോസിക്യൂഷനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ ജാമ്യത്തിനായി വാദിച്ചത്. കേസ് അന്വേഷണത്തിന്‍റെ ഒരു വിവരങ്ങളും പൊലീസ് തന്‍റെ കക്ഷിയെ അറിയിക്കുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ ബി.രാമന്‍ പിള്ള പറഞ്ഞു. റിമാന്‍റ് റിപ്പോര്‍ട്ടില്‍ പോലും പൊലീസ് ഒരു വിവരവും രേഖപ്പെടുത്തുന്നില്ല. തന്‍റെ പേരിലുള്ള കുറ്റങ്ങള്‍ അറിയാനുള്ള അവകാശം പോലും ദിലീപിന് നിഷേധിക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചു. കോടതി നിര്‍ദേശിക്കുന്ന ഏതു വ്യവസ്ഥയും അംഗീകരിക്കാന്‍ തയാറാണെന്ന് ദിലീപിന് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.