കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളിയത്. ഹൈക്കോടതിയില്‍ രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് വിചാരണക്കോടതിയില്‍ ജാമ്യത്തിനായി ദിലീപ് സമീപിച്ചത്. ഇതോടെ നാലാമത്തെ തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷകള്‍ കോടതികള്‍ നിരസിക്കുന്നത്. കൂട്ടബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായതിനു പിന്നാലെ അങ്കമാലി കോടതിയില്‍ ദിലീപ് ജാമ്യഹര്‍ജി നല്‍കിയെങ്കിലും അനുവദിച്ചില്ല. ഇതിനു ശേഷം രണ്ട് തവണ ഹൈക്കോടതിയിലും ജാമ്യത്തിനായി അപേക്ഷിച്ചു. നാലാമത്തെ തവണ വീണ്ടും വിചാരണക്കോടതിയെത്തന്നെ സമീപിക്കുകയായിരുന്നു.

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 10 വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാല്‍ രണ്ട് മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. അടച്ചിട്ട കോടതിമുറിയില്‍ ഒന്നര മണിക്കൂറോളമാണ് കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയില്‍ വാദം കേട്ടത്.