കൊച്ചി: ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറുളിന് വധശിക്ഷ വിധിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു. കൊലപാതകത്തിനാണ് വധശിക്ഷ നല്‍കിയത്. തെളിയിക്കപ്പെട്ട മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് ജീവപര്യന്തവും പത്ത് വര്‍ഷവും ഏഴ് വര്‍ഷവും വീതം തടവും അഞ്ച്‌ലക്ഷം രൂപ പിഴയും ശിക്ഷയായി നല്‍കി. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന അമീറുള്‍ ഇസ്ലാം വീട്ടില്‍ അതികത്രമിച്ചു കയറുകയും ജിഷയെ ബലാല്‍സംഗം ചെയ്തശേഷം ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ ദൃക്‌സാക്ഷികളില്ലെന്നും പ്രതിക്കെതിരായ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ.ബി.എ.ആളൂര്‍ വാദിച്ചു. അതിനാല്‍ ശിക്ഷ അനുഭാവപൂര്‍ണ്ണമാകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് നിര്‍ഭയ കേസിന് സമാനാണെന്നും അസാധാരണമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതിക്ക് പ്രായത്തിന്റെ ഇളവ് നല്‍കേണ്ടതില്ലെന്നും അതിക്രൂരമായ പീഡനവും കൊലയുമാണ് കേസില്‍ തെളിഞ്ഞതെന്നും ശിക്ഷ സംബന്ധിച്ച വാദത്തില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രതിക്ക് ചെയ്ത തെറ്റില്‍ പശ്ചാത്താപമില്ലെന്നും അതിനാലാണ് തുടരന്വേഷണം ആവശ്യപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അസമീസ് ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് വീണ്ടും അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.

നീതിപീഠം ദൈവമെന്ന് രാജേശ്വരി

കൊച്ചി : തന്റെ മകളെ പിച്ചിച്ചീന്തിയ അമീളുറിന് വധശിക്ഷ നല്‍കിയ നീതിപീഠം ദൈവമാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി. വിധിയില്‍ സന്തോഷമുണ്ടെന്നും ഈ ലോകത്ത് ഇനി ഒരു അമ്മമാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നും രാജേശ്വരി പറഞ്ഞു. അമീറിന് വധശിക്ഷ നല്‍കിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് രാജേശ്വരി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇനിയൊരു സൗമ്യക്കോ, ഭാവനയ്‌ക്കോ നേര്‍ക്ക് ഇത്തരം നീചന്മാരുടെ കൈ ഉയരരുത്. മറ്റൊരു പെണ്‍കുട്ടിയുടെ അമ്മയ്ക്കു കൂടി തന്റെ ഈ ഗതി ഉണ്ടാകരുതെന്നും രാജേശ്വരി പറഞ്ഞു.
കോടതിയില്‍ നിന്നും അനുകൂലമായ വിധി ലഭിച്ചുവെന്ന് ജിഷയുടെ സഹോദരി ദീപ പ്രതികരിച്ചു. ഒന്നരവര്‍ഷത്തോളമായുള്ള പ്രാര്‍ത്ഥനയാണ് ഇന്ന് ഫലത്തില്‍ എത്തിയിരിക്കുന്നത്. വളരെ വിഷമത്തോടെയാണ് ഇന്ന് കോടതിയുടെ പടി കയറിയത്. പോയ സഹോദരി തിരിച്ചു വരില്ല, അതുകൊണ്ടു തന്നെ അവളെ പിച്ചിച്ചീന്തിയ ആളുടെ ജീവനറ്റ ശരീരം കണ്ടാല്‍ മാത്രമേ ജിഷയുടെ ആത്മാവ് സന്തോഷിക്കൂ എന്നും ദീപ പറഞ്ഞു.