രോഷം തെരുവിലേക്കും അലയടിച്ചു ! കൊച്ചിയില്‍ മോഹന്‍ലാലിന്‍റെ കോലം കത്തിച്ചു; നിരപരാധിത്വം തെളിയുംവരെ ഞാനില്ല, ദിലീപ് അമ്മയ്ക്കയച്ച കത്ത് പുറത്ത്…..

രോഷം തെരുവിലേക്കും അലയടിച്ചു ! കൊച്ചിയില്‍ മോഹന്‍ലാലിന്‍റെ കോലം കത്തിച്ചു; നിരപരാധിത്വം തെളിയുംവരെ ഞാനില്ല, ദിലീപ് അമ്മയ്ക്കയച്ച  കത്ത് പുറത്ത്…..
June 28 15:40 2018 Print This Article

കൊച്ചിയിലെ കേരള ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഓഫിസിലേക്ക് മാര്‍ച്ച്. മോഹന്‍ലാലിന്റെ കോലം കത്തിച്ച് എഐവൈഎഫ് പ്രതിഷേധം. സ്ര്തീപീഡകരെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന സംഘടനയായി അമ്മ മാറിയിരിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെതിരെ രാഷ്ട്രീയ സാമൂഹ്യ മേഖലകള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇതിനിടെ തന്‍റെ ഭാഗം വിശദീകരിച്ച് ദിലീപ് അമ്മയ്ക്ക് കത്തെഴുതി. നിരപരാധിത്വം തെളിയുംവരെ സംഘടനയില്‍ സജീവമാകില്ലെന്ന് കത്തില്‍ ദിലീപ് ചൂണ്ടിക്കാട്ടി. തന്റെ പേരുപറഞ്ഞ് സംഘടനയെ അപമാനിക്കുന്നതില്‍ വിഷമമുണ്ട്. തന്നെ പുറത്താക്കിയത് നിലനില്‍ക്കില്ലെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞു. അതിന് സഹപ്രവര്‍ത്തകര്‍ക്കും ‘അമ്മ’ ഭാരവാഹികള്‍ക്കും നന്ദി പറയുന്നുവെന്നും ദിലീപ് കത്തില്‍ വിശദീകരിക്കുന്നു.

വിവാദത്തില്‍ അമ്മയെ കടുത്തസമ്മര്‍ദത്തിലാക്കി വീണ്ടും വിമന്‍ ഇന്‍ സിനിമ കലക്ടീവ് വീണ്ടും രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്നും വിഷയം ചര്‍ച്ചചെയ്യാന്‍ എക്സിക്യുട്ടീവ് വിളിച്ചുചേര്‍ക്കണമെന്നും വനിതാകൂട്ടായ്മ ആവശ്യപ്പെട്ടു.

വിമർശനങ്ങള്‍ വിവിധമേഖലകളിൽനിന്ന് ഉയരുമ്പോഴും പ്രതികരിക്കാതിരുന്ന അമ്മയ്ക്ക് നടി രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് കത്ത് നല്‍കിയത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവന്നത് പുനഃപരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചവേണം. ഇതിനായി ജുലൈ 13നോ 14നോ wcc അംഗങ്ങളുടെകൂടി സൗകര്യം കണക്കിലെടുത്ത് അമ്മയുടെ നിര്‍വാഹകസമിതി ചേരണമെന്നാണ് ആവശ്യം. അമ്മ നിസംഗത തുടര്‍ന്നാല്‍ കൂടുതല്‍പേര്‍ രാജിവയ്ക്കുന്നതടക്കമുള്ള നിലപാടുമായി മുന്നോട്ടുപോകാനാണ് വനിതാകൂട്ടായ്മയുടെ തീരുമാനം.

അമ്മ നിസംഗത തുടര്‍ന്നാല്‍ കൂടുതല്‍പേര്‍ രാജിവയ്ക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടന്നേക്കുമെന്നിരിക്കെ പിന്തുണയുമായി നടന്‍ പൃഥ്വിരാജുമെത്തി. രാജിവച്ചവര്‍ക്കൊപ്പമാണെന്നും അവരുടെ ധീരതയെ അംഗീകരിക്കുകയാണെന്നും ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ദ് വീക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

ഇതിനിടെ ആക്രമിക്കപ്പെട്ട നടി തനിക്ക് ദിലീപ് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് അമ്മയുടെ നിലപാട്. നടി തനിക്കെതിരെ പരാതി നൽകിയിട്ടുണ്ടെങ്കിൽ അമ്മ എന്തുകൊണ്ട് തന്നോട് വിശദീകരണം ചോദിച്ചില്ലെന്ന നിലപാടില്‍ നടൻ ദിലീപും നില്‍ക്കുകയാണ്.

ദിലീപ് അമ്മയ്ക്കയച്ച കത്തിന്റെ പൂർണ്ണരൂപം ചുവടെ.

ജനറൽ സെക്രട്ടറി അമ്മ

തിരുവനന്തപുരം

സർ,

കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ്‌ നൽകാതെയും,എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്‌ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി അതിൽ അമ്മ ഭാരവാഹികൾക്കും,സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.

എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും,ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുo വരെ ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല

‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പു് ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്

മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു

അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട്

ദിലീപ്

28/06/18

ആലുവ

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles