ഡോ. ഐഷ വി

ചിരവത്തോട്ടത്ത് വലിയ വിള വീട്ടിലെ ചാമ്പയ്ക്ക തോട്ട വച്ച് പറിച്ചിട്ടു തരുമ്പോൾ അമ്മ പറഞ്ഞു:” ഈ ചാമ്പ വല്യമാമൻ തിരുവനന്തപുരം ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത് അവിടെ താമസിച്ചിരുന്ന വീട്ടിൽ നിന്നും വിത്തു കൊണ്ടുവന്ന് നട്ടതാണ്.” നല്ല ചുവന്നുതുടുത്ത ചാമ്പയ്ക്കകൾ തിന്നുമ്പോൾ വിത്തു കൊണ്ടുവന്ന് നട്ട വല്യമാമന് മനസ്സാലെ നന്ദി പറഞ്ഞു കൊണ്ട് ചിറക്കരത്താഴത്തെ വീട്ടിൽ നടാനായി കുറച്ച് വിത്തുകൾ കൂടി ഞാൻ ശേഖരിച്ചു. മാത്രമല്ല അത് നട്ട് പിടിപ്പിക്കുകയും ചെയ്തു.

അമ്മയുടെ അച്ഛനും അമ്മയുടെ അച്ഛന്റെ പൂർവ്വികരും ആയുർവേദ വിജ്ഞാനം പാരമ്പര്യമായി കിട്ടിയ വൈദ്യന്മാർ ആയിരുന്നു. എന്നാൽ വല്യമാമൻ തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിലാണ് പഠിച്ചത് എന്ന വിവരം അന്ന് ചാമ്പയ്ക്ക പറിക്കുന്നതിനിടയിലാണ് എനിക്ക് ലഭിച്ചത്. വല്യമാമൻ ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത്(1950 കളിൽ) ഇന്റഗ്രേറ്റഡ് മെഡിസിൻ കോഴ്സായിരുന്നു. ആയുർവേദ ഡോക്ടർമാർക്ക് അലോപ്പതി കൂടി പ്രാക്ടീസ് ചെയ്യാൻ കഴിയുമായിരുന്നു. പിന്നീട് അലോപ്പതിക്കാരുടെ പ്രതിഷേധം മൂലം അത് നിർത്തലാക്കി.

ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത് പാഠ്യപദ്ധതിയിൽ ഇല്ലാതിരുന്ന ചില അറിവുകൾ കൂടി വല്യമാമനുണ്ടായിരുന്നു. അവയിൽ ചിലത് പാരമ്പര്യമായി ലഭിച്ച അറിവുകളാണ്. പിന്നെ ആയുർവേദ ചികിത്സയ്ക്കായി ലോഹഭസ്മങ്ങൾ തയ്യാറാക്കുന്ന വിധം വല്യമാമന് അറിയാമായിരുന്നു..
കൊല്ലം പരവൂരിലെ അകന്ന ബന്ധുവായ ഒരു സന്യാസിയുടെ പക്കൽ നിന്നും ലഭിച്ച അറിവുകളാണത്. വല്യമാമന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിന് സന്നിപാതജ്വരം ബാധിക്കുകയുണ്ടായി. രോഗം മൂർച്ഛിച്ച് അദ്ദേഹം മരണാസന്നനായി. ആ സമയത്ത് വല്യമാമൻ ഈശ്വരനെ കണ്ടു എന്നാണ് അമ്മ പറഞ്ഞുള്ള അറിവ്. ശക്തമായ പ്രകാശമായാണ് അദ്ദേഹം ഈശ്വരനെ ദർശിച്ചത്. മരണാസന്നനായ വല്യമാമനെ അദ്ദേഹത്തിന്റെ അച്ഛനമ്മമാർ പരവൂരിലെ സന്യാസിയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. സന്യാസി ഈയം, ഗന്ധകം , പിത്തള തുടങ്ങിയവ നീറ്റിയ ഭസ്മവും മറ്റും ചേർന്ന ആയുർവേദമരുന്നുകൾ വല്യമാമന് നൽകി. അസുഖം പൂർണ്ണമായും ഭേദമായി. പഥ്യത്തിന്റെ ഭാഗമായി മത്സ്യ മാംസാദികൾ ഒഴിവാക്കാൻ സന്യാസി നിർദ്ദേശിച്ചിരുന്നു. വല്യമാമൻ മത്സ്യമാംസാദികൾ എന്നെന്നേയ്ക്കുമായി ഒഴിവാക്കി. സന്നിപാതജ്വരം ( ടൈഫോയിഡ് ) കുടലിനെ ബാധിക്കുന്ന അസുഖമാണ്. അത് വന്നതിനു ശേഷം വല്യമാമൻ ഭക്ഷണം കഴിക്കാനുള്ള പാത്രം ചൂടുവെള്ളത്തിൽ കഴുകിയേ ഉപയോഗിച്ചിരുന്നുള്ളൂ. വല്യമാമൻ ആയൂർവേദ കോളേജിലെ പഠനത്തിനു ശേഷം പരവൂരിലെസന്യാസിയുടെ അടുത്ത് പോയി മരുന്നിനായി ലോഹ ഭസ്മങ്ങൾ നീറ്റിയെടുക്കുന്ന വിധവും അതിന്റെ പ്രയോഗവും പഠിച്ചു. രസം( മെർക്കുറി), സ്വർണ്ണം മുതലായവ അതിൽപ്പെടും.

സന്യാസിയുടെ ജീവിത രീതിയിൽ ആകൃഷ്ടനായിട്ടാകണം വല്യമാമൻ അവിവാഹിതനായി തുടർന്നു. ജീവിതാവസാനം വരെ രോഗികളെ നന്നായി ചികിത്സിയ്ക്കുന്ന അവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച കൈപ്പുണ്യമുള്ള വൈദ്യനായിരുന്നു അദ്ദേഹം. പല ആയുർവേദ മരുന്നു കമ്പനിക്കാരും വല്യമാമന്റെ പക്കൽ നിന്നും ലോഹ ഭസ്മങ്ങൾ തയ്യാറാക്കുന്ന വിധം പഠിച്ചിരുന്നു.

രോഗികൾക്ക് രോഗം പൂർണ്ണമായും ഭേദമാകാനായി വീട്ടിൽത്തന്നെ മരുന്നുണ്ടാക്കി നൽകാനും അദ്ദേഹം മടിച്ചില്ല. പാവപ്പെട്ട രോഗികൾക്ക് സൗജന്യങ്ങളും അദ്ദേഹം ചെയ്തിരുന്നു. രോഗം മാറുക എന്ന ഒറ്റ ലക്ഷ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ മരുന്നുത്പാദിപ്പിയ്ക്കാനുള്ള ചിലവ് വരവിനേക്കാൾ കൂടുതലുമായിരുന്നു. സാമ്പത്തികം കമ്മി.

പക്ഷേ രോഗം ഭേദമായവർ അദ്ദേഹത്തെ ദൈവതുല്യനായി കണ്ടു. ഗർഭപാത്രത്തിൽ ടി ബി(ക്ഷയരോഗം) ബാധിച്ച് 18 ദിവസത്തോളം ബോധരഹിതയായ ഒരു സ്ത്രീയെ അദ്ദേഹം ചികിത്സിച്ച് ഭേദമാക്കിയിരുന്നു. മറ്റു സ്പെഷ്യലിസ്റ്റുകൾ ഒന്നും നാട്ടിലില്ലാതിരുന്ന കാലത്ത് ഒരു വിധം എല്ലാ രോഗത്തിനും അദ്ദേഹം തന്നെ പരിഹാരം കണ്ടെത്തിയിരുന്നു. ആയുർവേദ മരുന്നുകൾ നിർമ്മിക്കാൻ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും പശുക്കളെ വളർത്തുകയും ചെയ്തിരുന്നു. അങ്ങനെ ഒരാൾ വല്യമാമൻ വൈദ്യശാലയിലായിരുന്ന സമയത്ത് ചെവിപഴുത്ത ഒരു പശുവിനെ വീട്ടിലെത്തിച്ച ശേഷം അതിന്റെ വില വൈദ്യശാലയിലെത്തി വാങ്ങിച്ച് കടന്നു കളഞ്ഞു. വീട്ടിലെത്തിയ വല്യമാമൻ പശുവിനെ കാണാനായി ചെന്നപ്പോഴാണ് പശുവിന്റെ ചെവിയിൽ നിന്നും ദുർഗന്ധം വമിയ്ക്കുന്ന വിവരം മനസ്സിലായത്. അദ്ദേഹം പശുവിന്റെ ചെവിയിലെ പഴുപ്പെടുത്ത് കൾചർ ചെയ്ത് ഏതണുവാണെന്ന് മനസ്സിലാക്കിയ ശേഷം ആയുർവേദ മരുന്നുകൾ കൊടുത്ത് പശുവിനെ പൂർണ്ണമായും സുഖപ്പെടുത്തി.

സാധാരണ ഗതിയിൽ അറവു വിലയ്ക്ക് വിൽക്കേണ്ടിയിരുന്ന പശുവിന് ആയുസ്സ് നീട്ടി കിട്ടി. അതിന്റെ നന്ദി സൂചകമായി പശു വല്യ മാമനെ കാണുമ്പോൾ നീട്ടി വിളിച്ച് ശബ്ദമുണ്ടാക്കി സ്നേഹം പ്രകടിപ്പിച്ചിരുന്നു. പ്രദേശനിവാസിയായ ശ്രീ സഖാവ് സുകുമാരൻ അദ്ദേഹം മരിക്കുന്നതിന് ഒരാഴ്ച മുമ്പ് എന്നെ ബസ് സ്റ്റോപ്പിൽ വച്ച് കണ്ടപ്പോൾ അദ്ദേഹത്തിന്റെ മകൾ കുട്ടിയായിരുന്നപ്പോൾ കാലിലുണ്ടായിരുന്ന ഒരു വ്രണം വല്യമാമൻ ചികിത്സിച്ച് ഭേദമാക്കിയ അനുഭവം പങ്കു വച്ചു. കുട്ടിയുടെ കാലിൽ പൊള്ളൽ പോലെ വന്ന് പൊട്ടിയ വ്രണം പല സ്ഥലങ്ങളിൽ കൊണ്ടുപോയി ചികിത്സിച്ചിട്ടും ദേദമാകാതെ നിന്നു . കുട്ടി കരച്ചിലോട് കരച്ചിൽ. അതു വഴി പോവുകയായിരുന്ന വല്യമാമൻ കുട്ടിയുടെ കരച്ചിലിന്റെ കാരണമന്വേഷിച്ചു. വ്രണമാണ് കാരണമെന്നറിഞ്ഞപ്പോൾ വ്രണം പരിശോധിച്ചു. പിന്നെ വല്യമാമൻ വെറ്റിലയും ചുണ്ണാമ്പും ആവശ്യപ്പെട്ടു. അവർ അത് സംഘടിപ്പിച്ച് കൊടുത്തു.അത് കൈ വെള്ളയിലിട്ട് തിരുകിയെടുത്ത ചാറ് കുട്ടിയുടെ കാലിലെ വ്രണത്തിൽ ഒഴിച്ചു കൊടുത്തു. കുട്ടി നീറ്റൽ കൊണ്ട് പുളഞ്ഞെങ്കിലും അന്ന് വൈകുന്നേരത്തോടെ വ്രണം കരിയാൻ ആരംഭിച്ചു. മൂന്ന് ദിവസം മൂന്ന് നേരം ഇതാവർത്തിച്ചപ്പോൾ വ്രണം പൂർണ്ണമായും ഭേദമായി. ഒരു രൂപയുടെ ചിലവു പോലുമില്ലാതെയാണ് ആ വ്രണം അന്ന് ഭേദമാക്കിയത്.

ആർത്തവ വേദന ഒഴിവാക്കാനായി അഭയാരിഷ്ടം ത്രിഫലാദി ചൂർണ്ണം തേനിൽ കുഴച്ചത് എന്നിവ എനിക്ക് നൽകിയിരുന്നു. ഞങ്ങൾ നാട്ടിലെത്തിയ കാലം മുതൽ കുടുംബാംഗങ്ങളുടെയെല്ലാം ചികിത്സ നിർവ്വഹിച്ചിരുന്നത് അദ്ദേഹമാണ്. ഞാൻ എംസിഎയ്ക്ക് പഠിക്കുന്ന സമയത്ത് പാണിനിയൻ വ്യാകരണം നാച്ചുറൽ ലാങ്വേജ് പ്രോസസിംങ്ങിന് പറ്റിയതാണെന്ന് പറഞ്ഞപ്പോൾ പാണിനിയുടെ സംസ്കൃതവ്യാകരണപുസ്തകം അദ്ദേഹം എനിക്കു നൽകി. ധാരാളം പുസ്തകങ്ങൾ വായിക്കുന്ന ശീലം വല്യമാമനുണ്ടായിരുന്നു. മെഡിക്കൽ ജേർണലുകൾ വായിച്ച് അദ്ദേഹം അറിവ് കാലാനുസൃതമാക്കിയിരുന്നു. കേരള ഭാഷാ ഇൻസ്ടിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മഹാഭാരത തർജ്ജമയും നിത്യചൈതന്യ യതിയുടെ ഗീതാ വ്യഖ്യാനവും പരിണാമ സിദ്ധാന്തങ്ങളും അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തിലുണ്ടായിരുന്നു. വായിക്കുന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങൾ അടി വരയിടുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ എന്റെ അനുജത്തി കണ്ട ഒരംശമാണ് ” പ്രമേഹ രോഗികൾക്ക് കുമ്പളങ്ങ ആഹാരവും ഔഷധവുമാണ്” എന്നത്. ഞങ്ങൾക്കും അദ്ദേഹം ധാരാളം പുസ്തകങ്ങൾ സമ്മാനിച്ചിരുന്നു. വല്യ മാമൻ സമ്മാനിച്ചതായി എന്തെങ്കിലുമൊക്കെ സാധനങ്ങൾ ഞങ്ങളുടെ വീട്ടിനകത്തും ചെടികളും വൃക്ഷങ്ങളും വീട്ടിന് പുറത്തും ഉണ്ട് . 1999 ജൂണിൽ അദ്ദേഹം മരിച്ചെങ്കിലും ഇന്നും അവ കാണുമ്പോൾ ഞങ്ങൾ വല്യമാമനെ ഓർത്തു പോകും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.