ദുബായിയില്‍ വാഹാനപകടത്തില്‍പ്പെട്ട് റോഡരികില്‍ കിടന്ന യുവാവിന് സാന്ത്വനം പകര്‍ന്ന് ജനപ്രിയ നടന്‍ ദിലീപ് യുഎഇയിലെ പ്രവാസി മലയാളികളുടെ മനം കവര്‍ന്നു. ഇന്നലെ ദുബായ് മുഹൈസിന മൂന്നിലായിരുന്നു സംഭവം. ഖിസൈസിലെ ഗ്രോസറിയില്‍ ഡെലിവറി ബോയിയായ വടകര പള്ളിത്തായ സ്വദേശി ജാസിറാ(23)ണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ(ചൊവ്വ) പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. !ഖിസൈസ് മൂന്നിലെ കഫ്റ്റീരിയയില്‍ ഡെലിവറി ബോയിയായ ജാസിര്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ സഞ്ചരിച്ച മോട്ടോര്‍ബൈക്കില്‍ റൗണ്ട് എബൗട്ടിനടുത്ത് ഫോര്‍വീലര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയും ജാസിര്‍ ബൈക്കിനടിയില്‍പ്പെടുകയും ചെയ്തു. സാരമായ പരുക്കേറ്റില്ലെങ്കിലും ശരീരവേദന കാരണം എണീക്കാന്‍ സാധിച്ചില്ല. ഒന്നു രണ്ട് വാഹനങ്ങള്‍ കണ്ടിട്ട് നിര്‍ത്താതെ പോയി.

പെട്ടെന്നാണ് വെളുത്ത ലാന്‍ഡ് ക്രൂസര്‍ വന്നു തൊട്ടടുത്ത് നിന്നത്. അതില്‍ നിന്ന് ഇറങ്ങിയയാളെ കണ്ട് ജാസിര്‍ അമ്പരന്നു–സാക്ഷാല്‍ ദിലീപ്. തന്റെ ഇഷ്ടനടെ കണ്ടതോടെ പകുതി വേദന അകന്നതായി ജാസിര്‍ മനോരമയോട് പറഞ്ഞു. ദിലീപും കൂടെയുണ്ടായിരുന്ന സുഹൃത്ത് നസീറും ചേര്‍ന്ന് ജാസിറിനെ പിടിച്ചെണീല്‍പ്പിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്ന്, പൊലീസിനെ വിളിച്ചതും ദിലീപ് തന്നെ. നടനെ കണ്ട അമ്പരപ്പ് ഒരു ദിവസം കഴിഞ്ഞിട്ടും ജാസിറിന് മാറിയിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെപ്രാളത്തിനിടയില്‍ ദിലീപിന് ഒരു നന്ദി പറയാന്‍ സാധിച്ചില്ലെന്നും പത്രങ്ങള്‍ വഴി അത് അറിയിക്കണമെന്നും ജാസിര്‍ അഭ്യര്‍ഥിച്ചു. സുഹൃത്ത് നസീറിനോടൊപ്പം മുഹൈസിനയിലൂടെ സഞ്ചരിക്കുമ്പോള്‍ ആരോ വാഹനമിടിച്ച് വീണ് കിടക്കുന്നത് കണ്ടതായും ഉടന്‍ വണ്ടി നിര്‍ത്തി ഇറങ്ങിനോക്കുകയുമായിരുന്നുവെന്ന് ദിലീപ് പറഞ്ഞു. അതൊരു മലയാളി യുവാവാണെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. എന്നെ കണ്ടപ്പോള്‍ അവന്‍ അമ്പരന്നു നിന്നു.

കൂടുതല്‍ കുഴപ്പമായോ എന്ന് എനിക്ക് സംശമായി. സഹജീവി എന്ന നിലയില്‍ ഒരു സഹായം ചെയ്തു എന്നേയുള്ളൂ–ദിലീപ് പറഞ്ഞു. കാലിന് നിസാര പരുക്കേറ്റ ജാസിര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം കിങ് ലിയറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കുറേ നാളുകളായി ദിലീപ് ദുബായിലാണ്.